Prem Nazir house for sale: നിത്യഹരിത നായകന്‍ പ്രേംനസീറിന്‍റെ വീട് വില്‍പനയ്‌ക്ക്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലുള്ള ലൈല കോട്ടേജ് ആണ് വില്‍പനയ്‌ക്ക് വച്ചിരിക്കുന്നത്. 1956ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ നസീര്‍ മകള്‍ ലൈലയുടെ പേരില്‍ നിര്‍മിച്ച സ്വപ്‌നഗൃഹമാണിത്.
പ്രേം നസീറിന്‍റെ ഇളയ മകള്‍ റീത്തയുടെ മകള്‍ രേഷ്‌മയുടെ ഉടമസ്ഥതയിലാണ് 50 സെന്‍റിലുള്ള ഈ പഴയ വീട്. അമേരിക്കയിലുള്ള അവകാശികളാണ് വീട് വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കുന്നത് ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണ് വീട് വില്‍ക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഇരുനിലയിലായി എട്ട് മുറികളാണ് വീടിലുള്ളത്. ചിറയിന്‍കീഴിലെ ആദ്യ ഇരുനില വീട് കൂടിയാണിത്. വീടിനും വസ്‌തുവിനുമായി കോടികള്‍ വിലവരും. ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം പ്രേം നസീര്‍ ഈ വീട്ടിലാണ് താമസിച്ചിരുന്നത്.
ചലച്ചിത്ര നിര്‍മാതാവ് പി.സുബ്രഹ്‌മണ്യന്‍റെ ചുമതലയില്‍ നിര്‍മിച്ച വീടാണിത്. പ്രേം നസീര്‍ എന്നെഴുതിയ നെയിംബോര്‍ഡ് ഇന്നും തലയെടുപ്പോടെ നില്‍ക്കുണ്ട്. ഏറെ കാലമായി പൂട്ടിയിട്ട വീട് ജീര്‍ണാവസ്ഥയിലാണ്. വാതിലുകളും ജനാലകളും ചിതല്‍ കയറി ദ്രവിച്ചു. വീട്ടുവളപ്പില്‍ വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളും വളര്‍ന്ന നിലയിലാണ്.
പ്രേംനസീര്‍ വിടപറഞ്ഞിട്ട് 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും ഈ വീട് സന്ദര്‍ശിക്കാന്‍ വരുന്നവരുടെ എണ്ണം കുറവല്ല. പൂട്ടിയിട്ട ഗേറ്റിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് മടങ്ങുന്നവരും കുറവല്ല. നടന്‍റെ ഈ വീടും സ്ഥലവും വില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്‌മാരകമാക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയതോടെയാണ് വീട് വില്‍ക്കാന്‍ കുടുംബം ഒരുങ്ങുന്നത്.
Also Read: തന്‍റെ ആരാധനാ മൂർത്തിക്ക് ശബ്‌ദം നല്‍കിയതിന്‍റെ ഓർമയില്‍ ഷമ്മി തിലകന്‍