ഹൈദരാബാദ്: തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് പ്രഭുദേവ. നടനായും നർത്തകനായും സംവിധായകനുമെല്ലാം പ്രേക്ഷകർക്ക് അത്രയേറെ സുപരിചിതനാണ് അദ്ദേഹം. മൂന്ന് വർഷം മുമ്പാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഡോ. ഹിമാനി സിംഗിനെ വിവാഹം ചെയ്‌തത്. ഇപ്പോഴിതാ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
50-ാം വയസിൽ ഒരിക്കല്‍ കൂടി അച്ഛനായ വാർത്ത മാധ്യമങ്ങളോട് വെളിപ്പെടുത്തിയ അദ്ദേഹം വളരെ സന്തോഷമുണ്ടെന്നും പൂർണനായെന്ന് തോന്നുന്നതായും പറഞ്ഞു. "അതെ, അത് സത്യമാണ്. 50-ാം വയസിൽ ഞാൻ ഒരിക്കൽ കൂടി ഒരു പിതാവായിരിക്കുന്നു. എനിക്ക് ഈ നിമിഷം തികച്ചും സന്തോഷവും പൂർണതയും തോന്നുന്നു"- പ്രഭുദേവ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം തത്ക്കാലം നിർത്തി വയ്‌ക്കുകയാണെന്നും കുറച്ചുനാൾ കുടുംബത്തിനൊപ്പം നിൽക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭുദേവയുടേയും ഹിമാനിയുടേയും ആദ്യത്തെ കുഞ്ഞാണിത്.
ആദ്യ ഭാര്യ റംലതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഒമ്പത് വർഷം കഴിഞ്ഞ്, 2020 ലാണ് പ്രഭുദേവ ഡോ. ഹിമാനിയെ വിവാഹം ചെയ്‌തത്. താരത്തിന് ആദ്യ ഭാര്യയിൽ മൂന്ന് മക്കളാണുള്ളത്. മൂത്ത മകൻ 2008 ൽ ബ്രെയിൻ ട്യൂമർ ബാധിച്ച് മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് ആൺകുട്ടികൾ അമ്മയോടൊപ്പമാണ് താമസം.
അപൂർവമായി മാത്രമെ ഭാര്യ ഹിമാനിയുമൊത്ത് പ്രഭുദേവ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഈ വർഷം ഏപ്രിലിൽ, അദ്ദേഹത്തിന്‍റെ 50-ാം ജന്മദിനത്തില്‍ പുറത്തുവന്ന ഒരു വീഡിയോയിൽ പ്രഭുദേവയെ കുറിച്ച് ഹിമാനി സംസാരിച്ചിരുന്നു. മൂന്ന് വർഷത്തെ ഒരുമിച്ചുള്ള യാത്രയെക്കുറിച്ചും അനുഭവങ്ങളെ കുറിച്ചും വാചാലയായ ഹിമാനി താരത്തെ വിവാഹം കഴിച്ചത് അനുഗ്രഹമായാണ് കാണുന്നതെന്നും പറഞ്ഞിരുന്നു.
അതേസമയം മലയാളി സംവിധായകൻ എസ്. ജെ സിനു ഒരുക്കുന്ന തമിഴ് ചിത്രം 'പേട്ട റാപ്' ആണ് പ്രഭുദേവ നായകനായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രം. വേദിക നായികയാകുന്ന ചിത്രം പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്‍റർടെയ്‌നറായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അഭിനയത്തിന് പുറമെ സംവിധായകനായും നൃത്തസംവിധായകനായും പേരെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുഗു ചിത്രങ്ങളാണ് ഇതുവരെ താരം സംവിധാനം ചെയ്‌തത്. സൂപ്പർസ്റ്റാർ സൽമാൻ ഖാന്‍ നായകനായെത്തിയ 'രാധേ' എന്ന ചിത്രമാണ് പ്രഭുദേവ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്‌ത ചിത്രം.
കൊവിഡ് അതിരൂക്ഷമായതിന് പിന്നാലെ ഒടിടി റിലീസായി എത്തിയ 'രാധേ'യില്‍ സല്‍മാന്‍ ഖാനൊപ്പം രണ്‍ ദീപ് ഹൂഡ, ദിഷ പട്‌നാനി, ജാക്കി ഷറോഫ് എന്നിവരും വേഷമിട്ടിരുന്നു. കൊറിയന്‍ സിനിമയായ ഔട്ട് ലോസിന്‍റെ റീമേക്കായിരുന്നു ഈ ചിത്രം. സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്‌ത മൂന്നാമത്തെ ചിത്രം കൂടിയാണ് 'രാധേ'.
ഹിന്ദിയില്‍ വാണ്ടഡ് (2009), റൗഡി റാത്തോർ (2012), രാമയ്യ വസ്‌തവയ്യ (2013), ആർ... രാജ്‌കുമാർ (2014) തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.
ALSO READ: വിജയ്‌ക്ക് വേണ്ടി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവ ; ഒരുമിക്കുന്നത് ബിഗ് ജഡ്‌ജറ്റ് ചിത്രത്തില്‍