ഹൈദരാബാദ് : രാമായണ കഥയെ ആസ്‌പദമാക്കി 'തനാജി - ദ അൺടോൾഡ് സ്റ്റോറി' ഫെയിം ഓം റൗട്ട് ഒരുക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. പ്രഭാസാണ് ചിത്രത്തില്‍ നായകന്‍. അടുത്തിടെ ഇറങ്ങിയ, ചിത്രത്തിന്‍റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ചിത്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രഭാസ് ആരാധകർ. എന്നാലിപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദിപുരുഷിന്‍റെ പ്രൗഢമായ പ്രീ-റിലീസ് ഇവന്‍റിനായി ഒരുങ്ങിക്കോളൂ എന്നാണ് നിർമാതാക്കൾ ആരാധകരെ അറിയിച്ചിരിക്കുന്നത്.
ജൂൺ 6ന് തിരുപ്പതിയിൽവച്ചാണ് ചിത്രത്തിന്‍റെ ഗംഭീരമായ പ്രീ-റിലീസ് ഇവന്‍റ് നടക്കുക. സോഷ്യൽ മീഡിയ വഴി ചിത്രത്തിന്‍റെ നിർമാതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒരു ഇതിഹാസ പ്രീ-റിലീസ് ഇവന്‍റായി തിരുപ്പതിയിലെ പുണ്യഭൂമിയിൽ ആദിപുരുഷ് ഇറങ്ങുന്നു.
ജൂൺ 6 എന്നത് നിങ്ങളുടെ കലണ്ടറുകളില്‍ അടയാളപ്പെടുത്തുക! ശുദ്ധ സിനിമാ വിസ്‌മയത്തിലേക്കുള്ള അവിസ്‌മരണീയമായ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുക എന്നാണ് പ്രീ-റിലീസ് ഇവന്‍റ് സംബന്ധിച്ച പോസ്റ്റർ പങ്കുവച്ചുകൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചത്. 'ആദിപുരുഷ്' പ്രീ-റിലീസ് വാർത്ത ആഘോഷമാക്കുകയാണ് ആരാധകർ.
നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്‍റെ ടീസർ സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. ടീസറിന് ലഭിച്ച മോശം പ്രതികരണത്തെ തുടർന്ന്, നിർമാതാക്കൾ ആദിപുരുഷിന്‍റെ റിലീസ് 2023 ജനുവരിയിൽ നിന്ന് 2023 ജൂണിലേക്ക് മാറ്റിവയ്ക്കുകയും ചെയ്‌തു. അതേസമയം ടീസറിന്‍റെ ക്ഷീണം മാറ്റുന്നതാണ് പിന്നീടുവന്ന ചിത്രത്തിന്‍റെ ട്രെയിലർ. മികവോടെയാണ് ട്രെയിലർ അണിയറക്കാർ അണിയിച്ചൊരുക്കിയത്.
ഫാന്‍റസി സിനിമയായെത്തുന്ന ആദിപുരുഷിന്‍റെ വിഎഫ്എക്‌സ് ആണ് ടീസറിൽ ആരാധകരെ നിരാശപ്പെടുത്തിയതെങ്കില്‍ ആ പരാതി തീർക്കുന്നതായിരുന്നു ട്രെയിലർ. 500 കോടിയാണ് വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ്.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം ജൂൺ 15ന് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് യുഎസിൽ ആരംഭിച്ചുകഴിഞ്ഞു. ശ്രീരാമനായി പ്രഭാസ് എത്തുന്ന ചിത്രത്തില്‍ കൃതി സനോനാണ് നായികയായ ജാനകിയായി എത്തുന്നത്.
ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ രാവണനായി വേഷമിടുന്നത്. ലക്ഷ്‌മണനായി നടന്‍ സണ്ണി സിങ്ങുമുണ്ട്. ദേവദത്ത നാഗേയും പ്രധാന കഥാപാത്രമായി എത്തുന്നു.
ടി സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഓം റൗട്ട്, ഭൂഷൺ കുമാർ, രാജേഷ് മോഹനൻ, കൃഷൻ കുമാർ, പ്രസാദ് സുതാർ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'സാഹോ'യ്ക്കും 'രാധേ ശ്യാമി'നും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്‍റെ മൂന്നാമത്തെ ചിത്രം കൂടിയാണ് 'ആദിപുരുഷ്'. മനോജ് മുൻതാഷിർ ശുക്ലയുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് അജയ്-അതുൽ ജോഡിയാണ്. ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം എന്നീ ഭാഷകളിലേക്കും ഡബ് ചെയ്‌തിട്ടുണ്ട്. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നായ ആദിപുരുഷിന്‍റെ നിർമാണ ചിലവിൽ 250 കോടിയും വിഎഫ്എക്‌സിന് വേണ്ടിയാണ് ചെലവഴിച്ചത്.