റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം പൊന്നിയിന്‍ സെല്‍വന്‍റെ പ്രിന്‍റുകള്‍ ലീക്കായി. തമിഴ്‌റോക്കേഴ്‌സിന്‍റെ വെബ്‌സൈറ്റിലാണ് ചിത്രത്തിന്‍റെ പ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്. മറ്റു ചില പൈറസി സൈറ്റുകളും പൊന്നിയിന്‍ സെല്‍വന്‍റെ പ്രന്‍റ് പങ്കുവച്ചിട്ടുണ്ട്.
സിനിമ പ്രേമികള്‍ കാണാന്‍ ഏറെ കാത്തിരുന്ന സിനിമയായിരുന്നു മണിരത്‌നം സംവിധാനം ചെയ്‌ത പൊന്നിയിന്‍ സെല്‍വന്‍. സെപ്‌റ്റംബര്‍ 30 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തമിഴിന് പുറമെ ഹിന്ദി, തെലുഗു, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്.
തമിഴ്‌റോക്കേഴ്‌സ്: ദി പൈറേറ്റ് ബേ എന്ന അന്താരാഷ്‌ട്ര പൈറസി വെബ്‌സൈറ്റിന്‍റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്‌സ്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള സിനിമകള്‍ തമിഴ്‌റോക്കേഴ്‌സില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇത് തെന്നിന്ത്യന്‍ സിനിമ മേഖലക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വെബ്‌സൈറ്റ് ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരവധി തവണ നടത്തിയെങ്കിലും പുതിയ ഡൊമെയ്‌നുകള്‍ നിര്‍മിച്ച് തമിഴ്‌റോക്കേഴ്‌സ് പ്രവര്‍ത്തനം തുടരുകയാണ്.
500 കോടി ബജറ്റില്‍ നിര്‍മിച്ച പൊന്നിയിന്‍ സെല്‍വന്‍റെ പ്രിന്‍റ് തമിഴ്‌റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടതോടെ ആശങ്കയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ചിയാന്‍ വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, പ്രഭു, ശരത്‌കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു, പാര്‍ഥിപന്‍, റിയാസ് ഖാന്‍, ശോഭിത ധുലിപാല തുടങ്ങി വന്‍ താരനിര അഭിനയിച്ചിരിക്കുന്ന ചിത്രം റിലീസിന് മുമ്പു തന്നെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കേരളത്തില്‍ ഒരു കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു. 295 സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Also Read: പൊന്നിയിന്‍ സെല്‍വന്‍ കാണുന്നില്ലേ? എങ്കില്‍ ഈ ഭാഷയില്‍ കാണൂ, കാരണം ഇതാണ്