ന്യൂ ഡല്‍ഹി: വീണ്ടും പാപ്പരാസികളുടെ കണ്ണിലുടക്കി പരിനീതി ചോപ്രയും രാഘവ് ഛദ്ദയും. ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ഡല്‍ഹി വിമാനത്താവളത്തില്‍. വിവാഹ പ്രചാരണങ്ങള്‍ക്കിടെ ബുധനാഴ്‌ച രാത്രിയിലാണ് ഇരുവരും ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് പാപ്പരാസികളുടെ കണ്ണിലുടക്കിയത്.
പരിനീതിയെയും രാഘവിനെയും ഒന്നിച്ച് കണ്ടതോടെ വീണ്ടും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. വിമാനത്താവളത്തില്‍ തനിക്ക് ചുറ്റും കൂടിയ പാപ്പരാസികളെയും മാധ്യമ പ്രവർത്തകരെയും ഒഴിവാക്കി പരിനീതി തിടുക്കത്തിൽ കാറിൽ കയറുന്ന കാഴ്‌ചയാണ് കാണാനാവുക. പരിനീതി ഒരു കറുത്ത നിറമുള്ള ഔട്ട്ഫിറ്റാണ് ധരിച്ചിരുന്നത്. പരിനീതിയെ അനുഗമിച്ച് രാഘവ് ഛദ്ദയും വളരെ വേഗം കാറിനുള്ളിലേയ്‌ക്ക് കയറി.
പരിനീതിയെയും രാഘവിനെയും അടുത്തിടെ മുംബൈയിൽ വച്ച് ഒന്നിച്ച് കണ്ടതോടെയാണ് ഡേറ്റിങ് കിംവദന്തികൾക്ക് തുടക്കം കുറിച്ചത്. അടുത്തിടെ പരിനീതി ചോപ്രയെ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ വീട്ടിൽ വച്ച് കാണുകയുണ്ടായി. തങ്ങളുടെ വിവാഹത്തിനായാണ് താരം മനീഷ് മല്‍ഹോത്രയുടെ വീട് സന്ദര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജീവ് അറോറ തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ രാഘവിനെയും പരിനീതിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 'രാഘവ് ഛദ്ദയ്‌ക്കും പരിനീതി ചോപ്രയ്‌ക്കും എന്‍റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അവരുടെ ഐക്യം സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഒന്നിച്ചുള്ള നിമിഷങ്ങളുടെയും സമൃദ്ധിയാൽ അനുഗ്രഹിക്കപ്പെടട്ടെ. എന്‍റെ എല്ലാവിധ ഭാവുകങ്ങളും!!!', സഞ്ജീവ് അറോറ ട്വിറ്ററില്‍ കുറിച്ചു.
മുംബൈ പാപ്പരാസികള്‍ തന്‍റെ വിവാഹ വാർത്തയെ കുറിച്ച് ആരാഞ്ഞപ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരി തൂകി നന്ദി പറയുക മാത്രമാണ് പരിനീതി ചെയ്‌തത്. പരിനീതിക്കൊപ്പമുള്ള രാഘവിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ശേഷം അടുത്തിടെ വൈസ് പ്രസിഡന്‍റ് ജഗ്‌ദീപ് ശങ്കറും എഎപി രാജ്യസഭാംഗം രാഘവിനെ കളിയാക്കിയിരുന്നു. 'നിങ്ങൾ സോഷ്യൽ മീഡിയയിൽ വേണ്ടത്ര ഇടം നേടി, ഇത് നിങ്ങൾക്ക് നിശബ്‌ദതയുടെ ദിവസമായിരിക്കാം' -ജഗദീപ് ശങ്കര്‍ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സില്‍ ഒരുമിച്ച് പഠിച്ച പരിനീതിയും രാഘവും വളരെ കാലമായി സുഹൃത്തുക്കളാണ്. പരിനീതിയും രാഘവും പരസ്‌പരം ഇൻസ്‌റ്റഗ്രാമില്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാഘവ് ഛദ്ദ.
അതേസമയം 'ചാംകില' ആണ് പരിനീതിയുടെ പുതിയ പ്രോജക്‌ടുകളില്‍ ഒന്ന്. ചിത്രത്തില്‍ ദിൽജിത് ദോസഞ്ജിനൊപ്പമാണ് പരിനീതി സ്‌ക്രീൻ സ്പേസ് പങ്കിടുക. രണ്ട് പ്രശസ്‌ത പഞ്ചാബി ഗായകരായ അമർജോത് കൗറിനെയും അമർ സിങ് ചാംകിലയെയും ചുറ്റിപ്പറ്റിയുള്ളതാണ് ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഈ ചിത്രം. അമർജോത് എന്ന കഥാപാത്രത്തെ പരിനീതി അവതരിപ്പിക്കുമ്പോൾ ദിൽജിത് ചാംകിലയായി എത്തുന്നു. അമർ സിങ് ചാംകിലയും ഭാര്യ അമർജോത് കൗറും അവരുടെ സംഗീത ബാൻഡിലെ അംഗങ്ങളും 1988 മാർച്ച് 8ന് കൊല്ലപ്പെടുന്നു.
Also Read: രാഘവ് ഛദ്ദയുമായുള്ള വിവാഹ വാർത്തകൾ സത്യമാണോ? ചോദ്യത്തിന് പരിനീതിയുടെ പ്രതികരണം