കേരളത്തില്‍ ശക്തമായി തുടരുന്ന മഴ മലയാള സിനിമാ മേഖലയിലും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. നാളെ (ജൂലൈ 07) റിലീസ് ചെയ്യാനിരുന്ന 'പദ്‌മിനി' ((Padmini) സിനിമയുടെ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയിൽ, ജനങ്ങൾ ബുദ്ധിമുട്ടുന്ന വേളയിൽ സിനിമയുടെ റിലീസ് നീട്ടിവയ്‌ക്കുന്നുവെന്നാണ് അണിയറ പ്രവർത്തകരുടെ അറിയിപ്പ്.
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ ആണ് നായകനാകുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സിനിമ മെയിൽ റിലീസ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ജൂലൈ മാസം റിലീസ് നിശ്ചയിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് വീണ്ടും നീളുകയാണ്.
'തിങ്കളാഴ്‌ച നിശ്ചയം', '1744 വൈറ്റ് ആള്‍ട്ടോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്‌മിനി'. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായിക വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നു.
കാണികളെ പൊട്ടിച്ചിരിപ്പിച്ച കുഞ്ഞിരാമായണം ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് 'പദ്‌മിനി'യുടെ രചന നിർവഹിച്ചത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് മനു ആന്‍റണിയാണ്. ജേയ്‌ക്‌സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഒരു മുഴുനീള എന്‍റര്‍ടെയിനര്‍ ആയിരിക്കും 'പദ്‌മിനി' എന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയിലര്‍. പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ നര്‍മ പ്രാധാന്യമുള്ള സിനിമയാണ് 'പദ്‌മിനി'യെന്ന് ട്രെയിലറിലെ ഓരോ രംഗങ്ങളും അടിവരയിടുന്നു.
സംസ്ഥാനത്ത് ഇന്നും മഴ കനക്കും: സംസ്ഥാനത്ത് ഇന്നും (ജൂലൈ 06) ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 55 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമായതിനാൽ ജാഗ്രത പാലിക്കാനും നിർദേശം ഉണ്ട്. സംസ്ഥാനത്തെ 11 ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.