'മേഘം പൂത്തുതുടങ്ങി...മോഹം പെയ്‌തു തുടങ്ങി...മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം...', ജയകൃഷ്‌ണനും ക്ലാരയും. അത്രമേല്‍ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ രണ്ട് പേരുകൾ. 'ഓർമിക്കുവാൻ നമ്മുക്കിടയിൽ ഒന്നുമില്ല. പക്ഷേ മറക്കാതിരിക്കാൻ എന്തോ ഉണ്ട്' -ഗാഢമായ പ്രണയത്തിനപ്പുറത്തേക്ക് മറ്റെന്തെല്ലാമോ കൂടി പറഞ്ഞുവച്ചാണ് ജയകൃഷ്‌ണനും ക്ലാരയും മടങ്ങുന്നത്. അല്ല, മഴ നോക്കി ജയകൃഷ്‌ണനും ക്ലാരയും ഇവിടെ എവിടെയോ തന്നെയുണ്ട്.
അപ്പോൾ രാധയോ...ഒരു നെടുവീർപ്പോടെയല്ലാതെ എങ്ങനെ ഓർത്തെടുക്കും അവളുടെ പ്രണയത്തെ. എത്ര നിസഹായമായിരുന്നിരിക്കണം ജയകൃഷ്‌ണനോടുള്ള അവളുടെ പ്രണയം. തങ്ങൾക്കിടയിലെ മൂന്നാമതൊരാളെ തേടിയുള്ള അവളുടെ യാത്രയെ കൃത്യമായി പറഞ്ഞുവയ്‌ക്കുന്നുണ്ട് ചിത്രം. അതവളെ എത്രമാത്രം തളർത്തുകയും തോൽപിക്കുകയും ചെയ്‌തിട്ടുണ്ടാവുമല്ലേ. തന്‍റെ പ്രണയിയുടെ പ്രണയിനിയെ തേടിയിറങ്ങാതെ അവൾക്ക് മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നിരിക്കണം. റെയിൽവേ സ്റ്റേഷനില്‍ ക്ലാരയെ ദൂരെ മാറിനിന്ന് ഒരുനോക്ക് കാണുന്നുണ്ടവൾ. ക്ലാരയ്‌ക്ക് ജയകൃഷ്‌ണനോടു പറയാനുണ്ടായിരുന്ന യാത്രാമൊഴിയും കേൾക്കുന്നുണ്ട്. ചില പ്രണയങ്ങൾ അങ്ങനെയുമാവാം...
കൾട്ട് ക്ലാസിക്, പത്മരാജന്‍റെ 'തൂവാനത്തുമ്പികളെ' നമുക്ക് അങ്ങനെ വിളിക്കാം. 'ഉദകപ്പോള' എന്ന തന്‍റെ നോവലിന് മലയാളികളുടെ പപ്പേട്ടൻ ഒരുക്കിയ ദൃശ്യഭാഷ്യത്തിന് ഇന്ന് പ്രായം 36 ആയിരിക്കുന്നു. മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച, ഇതുവരെ കാണാത്ത, കേൾക്കാത്ത സിനിമാനുഭവം സമ്മാനിച്ച 'തൂവാനത്തുമ്പികൾ'. സ്‌ത്രീ-പുരുഷ ബന്ധത്തിന് പുതിയ നിർവചനങ്ങൾ രചിച്ച 'തൂവാനത്തുമ്പികൾ' ഇന്നും ഉള്ളിൽ അനുരാഗം നിറയ്‌ക്കുകയാണ്.
മണ്ണാറത്തൊടി ജയകൃഷ്‌ണനും ക്ലാരയും രാധയും, പിന്നെയാ പത്മരാജൻ ടച്ചും. മോഹൻലാൽ അനശ്വരമാക്കിയ ജയകൃഷ്‌ണൻ എന്ന കഥാപാത്രം അതുവരെയുള്ള നായക സങ്കല്‍പങ്ങൾക്കെല്ലാം അപ്പുറമായിരുന്നു. ക്ലാരയായി സുമലത ജീവിച്ചു, രാധയായി പാർവതിയും ഗംഭീരമാക്കി. വിവരിക്കാനാവാത്ത എന്തോ ഒരനുഭവമാണ് ആ സിനിമ ഓരോ പ്രേക്ഷകനുമായും പങ്കുവയ്‌ക്കുന്നത്. ഒരുപക്ഷേ നമ്മുടെ ജീവിതവുമായി അത്രയേറെ അടുത്ത് നിൽക്കുന്നതിനാലാകാം ഇത്രയും ഹൃദയങ്ങൾ കീഴടക്കാൻ സിനിമയ്ക്ക് കഴിഞ്ഞത്.
'ഞങ്ങൾ തമ്മിൽ എവിടെയോവച്ച് ബന്ധിക്കപ്പെട്ടു കഴിഞ്ഞവരാണെന്ന് എനിയ്‌ക്ക് വെറുതെ തോന്നുകാ... ഏതോ ജന്മത്ത്... എനിക്കോർമയുണ്ട്, ആദ്യം ഞാനവൾക്ക് കത്തെഴുതുമ്പോൾ മഴ പെയ്‌തിരുന്നു... ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുമ്പോഴും മഴ പെയ്‌തു....!' പ്രണയത്തിന്‍റെ കാല്‍പനിക ഭാവങ്ങളെ മഴയുമായി ഇത്ര ചാരുതയോടെ കൂട്ടിക്കെട്ടിയ മറ്റൊരു ചിത്രമുണ്ടോ?
കരിമഷിയെഴുതിയ വലിയ കണ്ണുകളും ചുവന്ന കുങ്കുമപ്പൊട്ടും മഴയിൽ കുതിർന്ന് മുഖത്തേയ്‌ക്ക് വീണ മുടിയിഴകളും...ക്ലാര, മാസ്‌മരികമായ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ മലയാളികളുടെ മനസിലേക്ക് കുടിയേറിയ സൗന്ദര്യം. അന്നോളമുള്ള പ്രണയ സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതി അവൾ.
'ഒരു നല്ല കലാസൃഷ്‌ടി തിരിച്ചറിയപ്പെടാൻ അത് സൃഷ്‌ടിക്കപ്പെടുന്ന കാലത്ത് സാധിച്ചില്ലെന്ന് വരാം. അത് തിരിച്ചറിയാൻ മറ്റൊരു കാലം വേണ്ടിവരും. മറ്റൊരു തലമുറതന്നെ പിറക്കേണ്ടിയിരിക്കുന്നു എന്നൊക്കെ വരാം. അതുകൊണ്ട് അത്തരം തിരസ്‌കാരങ്ങളിൽ കലാകാരൻ ഹതാശൻ ആകരുത്’ -ഒരിക്കല്‍ പത്മരാജൻ ഇങ്ങനെ പറഞ്ഞു. ക്ലാര എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള മനസുറപ്പ് അന്നത്തെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നില്ല. ഇന്ന് വാനോളം പ്രശംസിക്കുന്ന ചിത്രത്തിന്‍റെ അന്നത്തെ സ്വീകാര്യത ആലോചിച്ചു നോക്കിയാൽ പത്മരാജന്‍റെ വാക്കുകളുടെ ആഴവും പരപ്പും മനസിലാക്കാനാകും.
മണ്ണാറത്തൊടിയിൽ കൃഷിചെയ്‌ത് തന്‍റെ വലിയ വീട്ടിൽ അമ്മയോടും ചേച്ചിയോടുമൊപ്പം കഴിയുന്ന ജന്മിയായ ജയകൃഷ്‌ണൻ. നാട്ടുകാർക്ക് മുന്നിൽ കൊച്ചുവാശികളും പിശുക്കുമൊക്കെയുള്ള തനി നാട്ടുമ്പുറത്തുകാരൻ. എന്നാൽ തൃശൂർ നഗരത്തിൽ മറ്റൊരു മുഖമുണ്ട് അയാൾക്ക്.
'എനിക്ക് ആ ഭ്രാന്തന്‍റെ കാലിലെ മുറിവാകണം, ചങ്ങലയുടെ ഒറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള മുറിവ്' -ഹൃദയം ഹൃദയത്തോട് പറഞ്ഞ വാക്കുകള്‍... തൂവാനത്തുമ്പികള്‍ എന്ന പ്രണയകാവ്യം കണ്ടവരുടെ ഹൃദയത്തിലേക്ക് കൂടി ആഴ്‌ന്നിറങ്ങുകയായിരുന്നു ചിത്രത്തിലെ സംഭാഷണങ്ങള്‍.
'ഞാനെപ്പോഴും ഓര്‍ക്കും. ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും...മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കയല്ലേ, അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങ് മറക്കും'
'മറക്കുമായിരിക്കും, അല്ലേ?'
'പിന്നെ മറക്കാതെ..'
'പക്ഷേ എനിക്ക് മറക്കണ്ടാ...' -തന്‍റെ എഴുത്തിന്‍റെ മാന്ത്രികത ഓരോ സംഭാഷണങ്ങളിലും ഒളിപ്പിച്ചുവയ്ക്കുന്നുണ്ട് പത്മരാജൻ.
പത്മരാജന്‍റെ കയ്യൊപ്പ് പതിഞ്ഞ, മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് റൊമാന്‍റിക് സിനിമയായി തൂവാനത്തുമ്പികൾ എന്നും നിലനിൽക്കും. ഒപ്പം ചിത്രത്തിന്‍റെ ആത്മാവായ ജോൺസൺ മാഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും.
'ഒരായുധവുമില്ലാതെ ഒരു തുള്ളിച്ചോര പൊടിയാതെ എത്ര നിശബ്‌ദമായി നീയെന്നെ കൊല്ലുന്നു', മണ്ണാറത്തൊടിയിലെവിടെയോ പെയ്യാൻ കൊതിച്ച മഴയായി ക്ലാര ഇന്നും അവശേഷിക്കുന്നു... ഉള്ളിൽ ഓർമകളുടെ നെരിപ്പോടുമായി ജയകൃഷ്‌ണൻ ഉണ്ടാവും, ആർത്തലച്ചെത്തുന്ന മഴയെ ഭയന്ന് രാധയും. അപ്പോഴും ആരും കൈവയ്‌ക്കാൻ തെല്ലൊന്ന് മടിക്കുന്ന വിഷയങ്ങൾ വേറിട്ട ശൈലികളിൽ വരച്ചിട്ട ഗന്ധർവ്വൻ എല്ലാവരെയും ഭ്രമിപ്പിച്ചുകൊണ്ട് തന്‍റെ സഞ്ചാരം തുടർന്നു കൊണ്ടേയിരിക്കും.
ഇന്ത്യൻ സിനിമ 100 വർഷം പിന്നിട്ട വേളയിൽ തെരഞ്ഞെടുത്ത 100 മികച്ച ചിത്രങ്ങളുടെ പട്ടികയിൽ 'തൂവാനത്തുമ്പികളും' ഉണ്ടായിരുന്നു. 1987 ജൂലൈ 31ന് ആണ് ചിത്രം റിലീസായത്. സിതാര പിക്ചേർഴ്‌സിന്‍റെ ബാനറിൽ സ്റ്റാൻലി നിർമിച്ച തൂവാനത്തുമ്പികൾക്കായി കഥയും തിരക്കഥയും ഒരുക്കിയത് പത്മരാജൻ തന്നെയാണ്. അജയൻ വിൻസെന്‍റ്, ജയനനൻ വിൻസെന്‍റ് എന്നിവരുടെ കാമറ കണ്ണുകളും എടുത്തു പറയേണ്ടതാണ്. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ഈണം പകർന്ന, ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. കെ ജെ യേശുദാസും കെ എസ് ചിത്രയും ജി വേണുഗോപാലും ചേർന്നാണ് ഇതിലെ അതിമനോഹരമായ വരികള്‍ക്ക് ശബ്‌ദം പകർന്നത്.