മലയാളികളെ കുടുകുടെ ചിരിപ്പിച്ച ദിലീപ് (Dileep) - റാഫി (Raffi) കൂട്ടുകെട്ടിന്‍റെ മടങ്ങിവരവ് അടയാളപ്പെടുത്തുന്ന ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥനി' (Voice of Sathyanathan)ലെ ആദ്യ പാട്ട് പുറത്തുവിട്ടു. കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഉയർത്തുന്ന ആദ്യ ലിറിക്കല്‍ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സൂരജ് സന്തോഷ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച 'ഓ പർദേസി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അങ്കിത് മേനോൻ ആണ്.
- " class="align-text-top noRightClick twitterSection" data="">
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത് എന്നതുകൊണ്ടുതന്നെ അങ്ങേയറ്റം ആവേശത്തിലാണ് ആരാധകര്‍. ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച റാഫി ചിത്രത്തിലൂടെയുള്ള ഈ തിരിച്ചുവരവ് നിരാശപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് ദിലീപ് ആരാധകർ.
റാഫി - ദിലീപ് കൂട്ടുകെട്ടില്‍ പിറവിയെടുത്ത സിനിമകളെല്ലാം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച, തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ ചിത്രങ്ങളായിരുന്നു. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട തുടങ്ങിയവയെല്ലാം മലയാളികൾക്കിടയില്‍ ഇന്നും റിപീറ്റ് വാല്യു ഉള്ള ചിത്രങ്ങളാണ്. കൂടാതെ ചൈന ടൗണ്‍, റിങ് മാസ്റ്റർ എന്നീ ചിത്രങ്ങളിലും ദിലീപും റാഫിയും ഒന്നിച്ചിരുന്നു. ജൂലൈ 14ന് ആണ് 'വോയ്‌സ് ഓഫ് സത്യനാഥൻ' റിലീസ്.
അടുത്തിടെയാണ് സിനിമയുടെ ടീസറും ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടത്. കോമഡിക്കപ്പുറം ചിത്രം മറ്റ് പലതും കൂടി സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് വയ്‌ക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‌ലർ. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ച ട്രെയിലര്‍ റിലീസ് ചെയ്‌ത് 20 മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
വീണ നന്ദകുമാര്‍ നായികയാകുന്ന 'വോയ്‌സ് ഓഫ് സത്യനാഥനി'ല്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവർക്ക് പുറമെ സിദ്ദിഖ്, ജഗപതി ബാബു, ജോണി ആന്‍റണി, രമേശ് പിഷാരടി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഒപ്പം അനുശ്രീ അതിഥി താരമായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്രാന്‍റ് പൊഡക്ഷന്‍സ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ ദിലീപ്, എന്‍ എം ബാദുഷ, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
'വോയ്‌സ് ഓഫ് സത്യനാഥന്‍' പഴയ തലമുറയേയും പുതിയ തലമുറയേയും ഒരുപോലെ ആനന്ദിപ്പിക്കുമെന്ന് എന്‍ എം ബാദുഷ അടുത്തിടെ പറഞ്ഞിരുന്നു. 'മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ദിലീപ് ചിത്രം. പഴയ തലമുറയേയും പുതിയ തലമുറയേയും ഒരുപോലെ ആനന്ദിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ തിയേറ്ററുകളില്‍ എത്തുന്നത്' -എന്നായിരുന്നു ബാദുഷയുടെ വാക്കുകൾ.
'വോയ്‌സ് ഓഫ് സത്യനാഥന്' വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയതും റാഫി തന്നെയാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഷമീര്‍ മുഹമ്മദ് ആണ്. അങ്കിത് മേനോന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
കലാസംവിധാനം - എം ബാവ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ്, ചീഫ് അസോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, അസോസിയേറ്റ് ഡയറക്‌ടര്‍ - മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: ദിലീപ്-റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥൻ'; ശ്രദ്ധനേടി ട്രെയ്‌ലർ