നിവിന് പോളി-രാജീവ് രവി കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ചരിത്ര പശ്ചാത്തലത്തിലുളള സിനിമയില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. 1962ല്‍ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രാദയവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമയുടെ പ്രമേയം.
മട്ടാഞ്ചേരി മൊയ്‌തു എന്ന കഥാപാത്രമായാണ് സിനിമയില്‍ നിവിന്‍ പോളി എത്തുന്നത്. നിവിന് പുറമെ ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്‌ഠന്‍ ആചാരി, സെന്തില്‍ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജൂണ്‍ മൂന്നിനാണ് തുറമുഖത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് ഡേറ്റ് വീണ്ടും മാറ്റിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൊവിഡും തിയേറ്റര്‍ അടച്ചിലുമെല്ലാമായി ഇതിന് മുന്‍പ് പല തവണ സിനിമയുടെ റിലീസ് തിയതി മാറ്റിവച്ചിരുന്നു.
ഇപ്പോള്‍ ജൂണ്‍ പത്തിന് സിനിമ പ്രദര്‍ശനത്തിന് എത്തുമെന്നാണ് തുറമുഖം ടീം അറിയിച്ചിരിക്കുന്നത്. ഈ വിവരം ഇന്ദ്രജിത്ത് സുകുമാരന്‍ ഉള്‍പ്പെടെയുളള സിനിമയുടെ അണിയറക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
തുറമുഖം ടീമിന്‍റെ വാര്‍ത്താകുറിപ്പ്: അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ "തുറമുഖ"ത്തിന്‍റെ റിലീസ് വീണ്ടും ഒരാഴ്‌ചത്തേക്ക് മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുന്നു. കൊവിഡും സാമ്പത്തിക കുടുക്കുകളും തിയേറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്‌ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തീയേറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്.
എങ്കിലും വർഷങ്ങളുടെ പ്രയത്‌നത്തിലൂടെ സൃഷ്‌ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്ത് ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്‍റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്! ശുഭാപ്‌തി വിശ്വാസത്തോടെ, തുറമുഖത്തിന്റെ അണിയറ പ്രവർത്തകർ.