ഹൈദരാബാദ്: ബോക്‌സോഫിസിൽ കൊടുങ്കാറ്റായി ടോളിവുഡ് താരം നാനിയുടെ ആദ്യ പാൻ-ഇന്ത്യ പ്രൊജക്റ്റ് ദസറ. റിലീസ് ചെയ്‌ത് വെറും ആറ് ദിവസം കൊണ്ടാണ് ദസറ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ആഗോള തലത്തിൽ 100 കോടിയിലധികം കലക്ഷൻ നേടിയ ചിത്രം നാനിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും.
ചിത്രം ഇന്ത്യയിൽ മാത്രമല്ല വിദേശത്തും, പ്രത്യേകിച്ച് യുഎസിൽ രണ്ട് മില്യൺ ഡോളറിലേക്ക് അടുക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങൾക്കും ദസറ കടുത്ത മത്സരമാണ് മുന്നോട്ട് വയ്‌ക്കുന്നത്. നാനി തന്‍റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തി. 'ഞങ്ങളുടെ പരിശ്രമം. നിങ്ങളുടെ സമ്മാനം. സിനിമ ദസറയെ വിജയിപ്പിക്കുന്നു' എന്ന അടിക്കുറിപ്പിൽ അദ്ദേഹം 100 കോടി ക്ലബിൽ കയറിയ പോസ്‌റ്റർ പങ്കുവച്ചു. നിരവധി ആരാധകരാണ് നേട്ടത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
കരിംനഗറിൽ നടന്ന ചിത്രത്തിന്‍റെ വിജയ ചടങ്ങ് ഗംഭീരമായിരുന്നു. നിർമാതാവ് സംവിധായകന് ഒരു ബിഎംഡബ്ല്യു കാറും ഓരോ അണിയറ പ്രവർത്തകർക്കും 10 ഗ്രാം സ്വർണ്ണ നാണയവും സമ്മാനിച്ചു. മറ്റ് ഭാഷകളിൽ ആദ്യഘട്ടത്തിൽ വലിയ പ്രതികരണം ഉണ്ടായില്ലെങ്കിലും ഇപ്പോൾ മികച്ച കലക്ഷൻ ചിത്രം നേടുന്നുണ്ട്.
നവാഗതനായ ശ്രീകാന്ത് ഒഡെല രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ദസറ. നാനി, കീർത്തി സുരേഷ്, ധീക്ഷിത് ഷെട്ടി, ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, സായ് കുമാർ, പൂർണ എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ച സിനിമ. തെലങ്കാനയിലെ ഗോദാവരിക്കാനിക്ക് സമീപമുള്ള സിംഗരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയത്. നിരൂപകരിൽ നിന്ന് മികച്ച അവലോകനം ലഭിച്ച സിനിമ എസ്എൽവി സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകൂരി നിർമിച്ചിരിക്കുന്നു.