സംഘർഷഭരിതമായ മാസ് ആക്ഷനുകൾ കോർത്തിണക്കിയ ത്രില്ലർ ചിത്രം 'നല്ല നിലാവുള്ള രാത്രി' (Nalla Nilavulla Raathri) പ്രേക്ഷകർക്കരികിലേക്ക്. ചിത്രം നാളെ (ജൂൺ 30 വെള്ളിയാഴ്‌ച) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആറ് സഹപാഠികളുടെ സംഭവബഹുലമായ പുനഃസംഗമത്തിന്‍റെ കഥ പറയുന്ന 'നല്ല നിലാവുള്ള രാത്രി' നവാഗതനായ മർഫി ദേവസ്സി (Murphy Devassy) ആണ് സംവിധാനം ചെയ്യുന്നത്. 'അടി, ഇടി, ആഘോഷം' തുടങ്ങുകയായി എന്ന് കുറിച്ചുകൊണ്ടാണ് അണിയറക്കാർ റിലീസ് വിവരം പങ്കുവച്ചത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ (Sandra Thomas Productions) ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ, റോണി രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'നല്ല നിലാവുള്ള രാത്രി'.
കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്ന, അവരെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്നതായിരുന്നു ഈ ടീസർ. സംഘർഷഭരിതമായ മാസ് ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിലും 'മാസ് എൻട്രി' തന്നെ കാഴ്‌ചവെക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാകും ചിത്രത്തിന്‍റെ പ്രധാന ആകർഷണം.
ആറ് സഹപാഠികളുടെ സംഭവബഹുലമായ പുനഃസമാഗമത്തിന്‍റെ കഥയാണ് 'നല്ല നിലാവുള്ള രാത്രി' പറയുന്നതെന്ന് അണിയറക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിമോഗയില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആറ് സുഹൃത്തുക്കള്‍ ഒത്തുകൂടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
അതേസമയം ഈ കഥ എഴുതുമ്പോള്‍ ഒരു യഥാര്‍ഥ സംഭവം സ്വാധീനിച്ചു എന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. മനസുകളിലെ നിഗൂഢതകളിലൂടെ പറയുന്ന കഥയാണ് 'നല്ല നിലാവുള്ള രാത്രി'യെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'സിനിമയിൽ കുറച്ചുകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.
ഈ പേരിലേക്ക് വന്നത് അങ്ങനെയാണ്. ഒരേ കോളജില്‍ സഹപാഠികളായിരുന്ന സീനിയേഴ്‌സും ജൂനിയേഴ്‌സുമായ സുഹൃത്തുക്കളുടെ പുനഃസംഗമവും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം'- സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംവിധായകന്‍ ഇങ്ങനെ പറഞ്ഞു.
സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷുമാണ് 'ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അത്യാഗ്രഹം, ചതി, വഞ്ചന, ഈഗോ എന്നിവയിലൂടെയുമെല്ലാം സിനിമ കടന്ന് പോകുന്നു. കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്യാം ശശിധരൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപിക റാണി, സംഗീത സംവിധാനം - കൈലാസ്, ആക്ഷന്‍ കൊറിയോഗ്രഫി - രാജശേഖരൻ, കലാസംവിധാനം - ത്യാഗു തവനൂർ, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ദിനിൽ ബാബു, സൗണ്ട് ഡിസൈൻ - വിഷ്‌ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് - ഒബ്സ്ക്യുറ എന്‍റർടെയ്‌ൻമെന്‍റ്, ഡിസൈൻ - യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.