അക്കിനേനി കുടുംബത്തിനെതിരെയുള്ള തെലുഗു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്‌ണയുടെ പരാമര്‍ശം വിവാദമാകുന്നു. നാഗാര്‍ജുനയുടെ പിതാവും തെലുഗു സിനിമ ഇതിഹാസവുമായ അക്കിനേനി നാഗേശ്വര റാവുവിനെ കുറിച്ചുള്ള നന്ദമൂരി ബാലകൃഷ്‌ണയുടെ പരാമര്‍ശമാണ് വിവാദമായത്. നന്ദമൂരിയുടെ വീരസിംഹ റെഡ്ഡി എന്ന സിനിമയുടെ വിജയാഘോഷ വേളയിലായിരുന്നു അക്കിനേനി കുടുംബത്തെനിരെയുള്ള ബാലകൃഷ്‌ണയുടെ പരിഹാസം.
'എന്‍റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി.രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ' -ഇപ്രകാരമായിരുന്നു ബാലകൃഷ്‌ണ പറഞ്ഞത്.
നന്ദമൂരി ബാലകൃഷ്‌ണയുടെ ഈ പരാമര്‍ശത്തിനെതിരെ അദ്ദേഹത്തിന്‍റെ ആരാധകരില്‍ ചിലര്‍ തന്നെ രംഗത്തെത്തിയിരുന്നു. അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെ പോലെയുള്ള ഒരു ഇതിഹാസത്തെ അപകീര്‍ത്തിപ്പെടുത്തിയത് തെറ്റായിപ്പോയെന്നാണ് നടന്‍റെ പരാമര്‍ശത്തിനെതിരെയുള്ള വിമര്‍ശനം.
ബാലകൃഷ്‌ണയുടെ പരിഹാസത്തിനെതിരെ നാഗാര്‍ജുനയുടെ മക്കളും അഭിനേതാക്കളുമായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. എന്‍.ടി രാമറാവു, അക്കിനേനി നാഗേശ്വര റാവു, എസ്.വി രംഗറാവു എന്നിവര്‍ തെലുഗു സിനിമകളുടെ നെടുംതൂണുകളാണെന്നും അവരെ അവഹേളിക്കുന്നത് സ്വയം അപമാനിതനാകുന്നതിന് തുല്യമാണെന്നും ഇരുവരും ട്വീറ്റ് ചെയ്‌തു.
'എഎന്‍ആര്‍ ഇപ്പോഴും ജീവിക്കുന്ന (#ANRLivesOn) എന്ന ഹാഷ്‌ടാഗോടെ എന്‍ടിആര്‍, എഎന്‍ആര്‍, എസ്.വി രാമറാവു എന്നിവര്‍ തെലുഗു സിനിമയ്‌ക്ക് അഭിമാനം നല്‍കുന്ന സംഭാവന നല്‍കിയവരാണ്. അവരെ അപമാനിക്കുന്നവര്‍ സ്വയം അപമാനിതരാകുന്നു.'- ഇപ്രകാരമാണ് അക്കിനേനി നാഗേശ്വര റാവുവിന്‍റെ കൊച്ചു മകന്‍ നാഗ ചൈതന്യ ട്വീറ്റ് ചെയ്‌തത്.
അതേസമയം ബാലകൃഷ്‌ണയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ബാലകൃഷ്‌ണയ്‌ക്ക് സംഭവിച്ചത് നാവു പിഴയാണെന്നും മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു ആരാധകരുടെ വാദം.