എറണാകുളം: 'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയിൽ തുടങ്ങി മലയാളികളുടെ കാതിൽ തേൻമഴ പൊഴിയിച്ചു കൊണ്ടിരിക്കുന്ന മോഹൻ സിത്താരയുടെ സംഗീത സപര്യ മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കുന്നു. ഒരു പൂ മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം മുഴുവനാണ് മലയാളത്തിന് മോഹൻ സിത്താര സമ്മാനിച്ചത്. സംഗീതപ്രേമികളുടെ ഉള്ളിൽ പ്രണയത്തിന്‍റെയും വിഷാദ നൊമ്പരങ്ങളുടെയും നിലാക്കായൽ നിറച്ച ആ മധുരസംഗീത സപര്യ മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്നു.
വിരലുകളിലും സിരകളിലും സംഗീതത്തിന്‍റെ ശ്രുതി ചേർത്ത് വച്ച് സ്വരകന്യകമാരെ ആവോളം നൃത്തം ചെയ്യിച്ചു മോഹൻ സിത്താര. ശ്രവണ മധുരമായ 400 ഓളം ഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച പ്രതിഭ. രാവിലെ തന്നെ കുളിച്ചുവന്ന് തൃശൂരിലെ കുരിയച്ചിറയിലെ വീട്ടിൽ മകൻ വിഷ്‌ണു ഒരുക്കിവച്ച ഹാർമോണിയത്തിന് മുന്നിൽ ഇരുന്നു. ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിന്‍റെ സംഗീതത്തിൽ തുടങ്ങി സിനിമ സംവിധായകനാകാൻ ഒരുങ്ങുന്നതുവരെയുള്ള സ്വരജതികൾ മോഹൻ പറഞ്ഞുതുടങ്ങി (Musical Composer Mohan Sithara Interview).
'രാരി രാരീരം രാരോ' എന്ന ഒറ്റ ഈണം കൊണ്ട് മറ്റെല്ലാവരേയും ബീറ്റ് ചെയ്‌ത സംഗീത സംവിധായകനാണ് അങ്ങ്. 1986ലെ ആ ഈണം പിറന്ന വഴികൾ പറയാമോ?
പാട്ട് പൂ വിരിയുന്നതുപോലെ ഉണ്ടാകുന്നതാണ്. എനിക്ക് മ്യൂസിക്ക് ചെയ്യാൻ അറിയാത്ത കാലമായിരുന്നു അത്. അതിന് മുൻപ് ദക്ഷിണാമൂർത്തി, രാഘവൻമാഷ്, ശ്യാം സാർ എന്നിവരുടെ അസിസ്റ്റന്‍റായി പ്രവർത്തിച്ചിട്ടുണ്ട്, അത്രമാത്രം. കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ ടികെ രാജീവ്കുമാർ എന്നക്കൊണ്ടിരുത്തി ഒരു ഹാർമോണിയം സംഘടിപ്പിച്ച് തന്നു. ഒരു താരാട്ട് കമ്പോസ് ചെയ്യാൻ പറഞ്ഞു. രഘുനാഥ് പലേരിയുമുണ്ടായിരുന്നു. ആ ഗാനം അങ്ങനെയങ്ങ് സംഭവിച്ചു.
എന്തും വാങ്ങാൻ കിട്ടുന്ന 'സൂപ്പർമാർക്കറ്റാണ്' മോഹൻ സിത്താര എന്ന് സംഗീതലോകത്ത് എല്ലാവരും പറയും. ഫോക്കും പാശ്ചാത്യവും ക്ലാസിക്കലും ഒക്കെ വഴങ്ങും. ഇതെങ്ങനെ സാധ്യമാകുന്നു?
ഫോക്ക് സംഗീതം വളരെ കുറവാണ്. 'കറുപ്പിനഴക്...', 'ആലിലക്കണ്ണാ...', 'സുഖമാണീ നിലാവ്...' ഗാനങ്ങളെല്ലാം പാശ്ചാത്യതാളത്തിൽ ചെയ്‌തതാണ്. പണ്ട് അമച്വർ നാടകങ്ങളും ബാലയും കഥാപ്രസംഗവുമൊക്കെ സ്ഥിരം കാണുമായിരുന്നു. അമ്പലപറമ്പിൽ നിന്ന് കണ്ടും കേട്ടും പഠിച്ചതാണ്. ഓരോ സിറ്റുവേഷനും ചേർന്ന സംഗീതം ചെയ്യാനുള്ള ആത്മവിശ്വാസമുണ്ട്. അത് അന്നും ഇന്നും ഉണ്ട്.
ദക്ഷിണാമൂർത്തി സ്വാമി, രാഘവൻമാഷ് എന്നിവരോടൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?
ചിന്തിക്കാൻ കഴിയില്ല അവരുടെ പ്രതിഭ, അപാരമാണ്. സ്വരങ്ങൾ പറഞ്ഞുതരുമ്പോൾ അതൊക്കെ എവിടെ നിന്നാണ് വരുന്നത് എന്ന് ഞാൻ ആലോചിക്കും. ഒരെത്തും പിടിയും കിട്ടില്ല.
ഊണ് കഴിച്ചിരുന്നപ്പോൾ അങ്ങ് മൂളിയ ഒരീണം 'ആലിലക്കണ്ണാ...' എന്ന ഗാനമായി യൂസഫലി എഴുതിയെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു അത്?
ഞാനും യൂസഫലി സാറും ഒരു ഹോട്ടലിൽ ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ 'താന നന്നാ നാ' എന്നൊരു ഈണം ഞാൻ മൂളി. ഉടൻ തന്നെ അദ്ദേഹം എഴുന്നേറ്റ് കൈകഴുകാൻ പോയി. മറ്റൊരിടത്ത് മാറിയിരുന്ന് എന്തോ കുറിച്ച് കൊണ്ടുവന്നു. 'മോനേ, നീ ആ ഈണം ഒന്ന് കൂടിയൊന്ന് മൂളിയേ' എന്നുപറഞ്ഞു. പക്ഷെ എനിക്ക് ഓർമ വന്നില്ല.
പിന്നേയും നിർബന്ധിച്ചപ്പോൾ ഞാൻ മൂളാൻ ശ്രമിച്ചു. അതാണ് വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന സിനിമയിലെ 'ആലിലക്കണ്ണാ' എന്ന പാട്ടായി മാറിയത്. യൂസഫലി സാർ പിന്നീട് മൊത്തം വരികളും എഴുതി. മറക്കാതിരിക്കാൻ വേണ്ടി ഞാൻ ഈണം അപ്പോൾ തന്നെ ടേപ്പ് റിക്കോർഡറിൽ പകർത്തി.
ദൈവതുല്യനാണ് യേശുദാസ് എന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അങ്ങയെ തരംഗിണി മ്യൂസിക് സ്‌കൂളിൽ കൊണ്ടുപോയി പഠിപ്പിച്ചത് ദാസേട്ടനായിരുന്നു. എന്നിട്ടും ആദ്യ സിനിമാഗാനം വേണുഗോപാലിനെ കൊണ്ടായിരുന്നു പാടിപ്പിച്ചത്?
നവോദയയുടെ സിനിമയായിരുന്നു 'ഒന്ന് മുതൽ പൂജ്യം വരെ'. എല്ലാം പുതിയ ആളുകൾ വേണം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഞാനും അതിൽ പുതിയ ആളായിരുന്നല്ലോ.
'എന്ത് സുഖമാണീ രാവ്...' ജ്യോത്സനയെയും വിധുപ്രതാപിനെയും കൊണ്ട് പാടിപ്പിച്ചു. 'രാക്ഷസീ...' അഫ്‌സലിനെയും ഫ്രാങ്കോയേയും കൊണ്ട് പാടിപ്പിച്ചു. എല്ലാം പുതിയ ആളുകൾ. അവരുടെ ഉള്ളിൽ സംഗീതമുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുമോ?
വിനയേട്ടന്‍റെ (സംവിധായകൻ വിനയൻ) ഒരു ഫിലിമിൽ അഫ്‌സലായിരുന്നു റിഥം ബോക്‌സ് വായിച്ചിരുന്നത്. ഗാനമേളക്ക് പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്. തൃശൂർ ചേതന സ്റ്റുഡിയോയിൽ റിക്കോർഡിംഗ് കാണാനെത്തിയ ആളായിരുന്നു ഫ്രാങ്കോ. എഞ്ചിനീയർ ഗണേശാണ് ഫ്രാങ്കോ നന്നായി പാടുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ രണ്ടുവരി പാടാൻ പറഞ്ഞു. നന്നായി പാടിയത് കൊണ്ട് രാക്ഷസി പാടിച്ചു. പുതുമയെ എന്നും ഞാൻ ഇഷ്‌ടപ്പെടുന്നു.
ഇന്ത്യൻ സിനിമ സംഗീതത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച എആർ റഹ്മാനും ഇളയരാജയ്‌ക്കും വേണ്ടി അങ്ങ് ഓർക്കസ്‌ട്രേഷൻ ചെയ്‌തിട്ടുണ്ട്. എന്നാൽ സ്വന്തമായി ആ നിലയിലേക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് തോന്നിയിരുന്നോ?
അവരുടെയൊക്കെ ആശ്ലേഷം നേടാനുള്ള ഭാഗ്യമുണ്ടായി. എന്നാൽ അവരാകും എന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. അന്നും ഇന്നും ഇങ്ങനെ തന്നെ. മത്സരബുദ്ധിയൊന്നുമില്ല. ദൈവം തരുന്നതാണ് സംഗീതം. അതിനെ ജീവനുള്ളിടത്തോളം കാലം ഉപാസിക്കും. അത്രമാത്രം.
വിനയം കൊണ്ടാണോ പ്രതിഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണോ?
നമുക്ക് ചെയ്യാൻ കഴിയുന്ന വർക്കുകൾ വരുമ്പോൾ ചെയ്യുന്നുണ്ട്. അത് പറഞ്ഞ് നടക്കേണ്ടതില്ല. മറ്റുള്ളവരെ കാണിക്കേണ്ടതുമില്ല. നന്നായി ചെയ്യാൻ ശ്രമിക്കുന്നു എന്നേയുള്ളു.
ഭരതൻ, പത്മരാജൻ എന്നീ സംവിധായകരുടെ സിനിമകളിൽ ഓർക്കസ്‌ട്രേഷൻ ചെയ്‌തിട്ടുണ്ടല്ലോ. ആ അനുഭവം എങ്ങനെയായിരുന്നു?
പോസിറ്റീവ് എനർജിയാണ് അവരൊക്കെ നൽകുന്നത്. ഇന്നലെയുടെ റിക്കോർഡിംഗ് വേള എനിക്കോർമ്മയുണ്ട്. ഓരോ ബിറ്റ് കഴിയുമ്പോഴും പത്മരാജൻ സാർ വന്ന് കെട്ടിപ്പിടിക്കും. 'ഓ .. മോഹൻ അസാധ്യമായിരിക്കുന്നു' എന്നൊക്കെ പറയും. അത് വലിയ പ്രോത്സാഹനമായിരുന്നു.
'ദീപസ്‌തംഭം മഹാശ്ചര്യം' എന്ന സിനിമയിൽ പാടാനും കഴിഞ്ഞു. എങ്ങനെയാണ് ആ അവസരം ലഭിച്ചത്?
കെബി മധുവായിരുന്നു ആ സിനിമയുടെ സംവിധായകൻ. 'പ്രണയകഥ പാടി വന്നു...' എന്ന ഗാനം കമ്പോസ് ചെയ്യുമ്പോൾ ഞാൻ തന്നെ പാടി നോക്കി. ഫൈനൽ മിക്‌സ് വന്നപ്പോൾ മോഹൻ തന്നെ പാടിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചുകുട്ടികൾ പോലും പാടിനടക്കുന്ന ഒന്നാണ് 'അണ്ണാറക്കണ്ണാ വാ...' എന്ന മോഹൻലാൽ പാടി ഹിറ്റാക്കിയ ഗാനം. റിക്കോർഡിംഗ് വേളയിൽ മോഹൻലാൽ എന്ത് പറഞ്ഞു?
ആ ഗാനം മൂന്ന് പേർ പാടിയിട്ടുണ്ട്. പൂർണ്ണശ്രീയും വിജയ് യേശുദാസും മോഹൻലാലും. എറണാകുളത്തായിരുന്നു സ്റ്റുഡിയോ. വരികൾ എഴുതി പറഞ്ഞ് കൊടുത്തു. ലാൽ സാർ പെട്ടെന്ന് പഠിച്ച് ഭംഗിയായി പാടി. നല്ല സുഖമുള്ള ശബ്‌ദം കൂടിയാണ് ലാൽ സാറിന്‍റേത്.
ട്യൂണിട്ട് എഴുതിയ പാട്ടാണത്. തുടക്കം മുതൽ തന്നെ ഏറ്റവും യോജിച്ച വരികൾ അനിൽ പനച്ചൂരാൻ എഴുതി. ലളിതമായിരുന്നു എന്നതാണ് ലാൽ സാറിനെ ഏറെ സന്തോഷിപ്പിച്ചത്. കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഒത്തിരി നേരം സ്റ്റുഡിയോയില്‍ ഇരുന്നു.
'അണ്ണാറക്കണ്ണാ വാ...' എന്ന ഗാനം 'നീലക്കുയിലി'ലെ 'കുയിലിനെ തേടി...' എന്ന പഴയ ഗാനവുമായി സാദൃശ്യമുണ്ട് എന്ന് ദേവരാജൻ മാഷ് പറഞ്ഞുവല്ലോ?
ആകെ ഏഴ് സ്വരങ്ങളേയുള്ളൂ. ഇത് വച്ച് ചെയ്യുമ്പോൾ ചിലതൊക്കെ അറിയാതെ സംഭവിച്ച് പോകുന്നതാണ്. (മുന്നിലിരിക്കുന്ന ഹാർമോണിയത്തിൽ വിരലോടിച്ച് 'സൂര്യകിരീടം വീണുടഞ്ഞു...' എന്ന ഗാനവും 'കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്നും...' എന്ന ഗാനവും ശ്രുതിയിട്ട് കേൾപ്പിക്കുന്നു) ഇതു രണ്ടും തമ്മിൽ സാദൃശ്യമില്ലേ. 'സൂര്യകിരീടം' എംജി രാധാകൃഷ്‌ണനും 'കാട്ടിലെ പാഴ്‌മുളം' രാഘവൻ മാഷുമാണ് ചെയ്‌തത്. പറഞ്ഞിട്ടെന്ത് കാര്യം, ചിലപ്പോഴൊക്കെ യാദൃശ്ചികമായി സംഭവിച്ച് പോവുന്നതാണ്.
'സൂഫി പറഞ്ഞ കഥ'യ്‌ക്ക് ഒരു സർക്കാർ പുരസ്‌കാരം ലഭിച്ചതല്ലാതെ മലയാള സിനിമ സംഗീത ലോകം മോഹൻ സിത്താരയെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ?
ഞാനിതൊന്നും ശ്രദ്ധിക്കാറില്ല. ഓർക്കാറുമില്ല. പിന്നെ എല്ലാത്തിനും ഒരു ഭാഗ്യം വേണം. അധികമാരും അറിയാത്തവർ ഉയർന്ന നിലയിലെത്തിയില്ലേ. എല്ലാരും അറിയുന്നവർ പുറകോട്ടും പോയി. എത്രയോ അനുഭവങ്ങൾ. എന്തിനാണ് ചിന്തിച്ച് വിഷമിക്കുന്നത്. മീറ്ററും മാറ്ററുമാണ് സംഗീതലോകത്തെ നിയന്ത്രിക്കുന്നത്.
ട്യൂണിനനുസരിച്ച് ചിലപ്പോൾ വരികൾ മാറ്റേണ്ടിവരില്ലേ? താങ്കൾക്ക് ഏറ്റവും സുഖകരമായി തോന്നിയ ഗാനരചയിതാവ് ആരാണ്?
ഒഎൻവി സാറും യൂസഫലി സാറുമൊക്കെ എനിക്കേറ്റവും സുഖകരമായി തോന്നിയവരാണ്. മറ്റുള്ളവർ മോശക്കാരാണെന്നല്ല. സംഗീതം ഒരു കൂട്ടായ യത്‌നമാണ്. ഞാനും വരികൾ എഴുതുന്നവരുമൊക്കെ നല്ല പാട്ടിന് വേണ്ടി ചിലപ്പോൾ കോംപ്രമൈസ് ചെയ്യേണ്ടിവരും.
ആദ്യം ട്യൂണിട്ട് പിന്നീട് എഴുതുവാൻ ഒഎൻവി സാർ സമ്മതിക്കുമോ?
'നീൾമിഴിപ്പീലിയിൽ നീർമണിതുളുമ്പി...' എന്ന ഗാനം ട്യൂണിട്ട് എഴുതിയതാണ്. പെട്ടെന്നുണ്ടാക്കിയ ട്യൂണാണ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഇരുന്നാണ് അത് ചെയ്‌തത്.
'നീൾമിഴിപ്പീലി' എന്നെഴുതിയെങ്കിലും ദാസേട്ടൻ പാടിയത് 'നീർമിഴിപ്പീലിയിൽ' എന്നായിപ്പോയി. ആ തെറ്റ് ശ്രദ്ധിച്ചിരുന്നോ?
ഉവ്വ്. വരികൾ എഴുതിയ പേപ്പറുമായി ദാസേട്ടൻ വോയിസ് ബൂത്തിൽ കയറി. എന്‍റെ കൈയിൽ പകർപ്പുമില്ലായിരുന്നു. ഒറ്റ ടേക്കിൽ തന്നെ അസ്സലായി പാടി. പാടിക്കഴിഞ്ഞാണ് ഒഎൻവി സാർ വന്നത്.
'മോഹൻ ചെറിയ പിശകുണ്ടല്ലോ. നീണ്ട മിഴികൾ എന്നർഥം വരുന്ന നീൾ മിഴി എന്നാണ് ഞാനെഴുതിയത്. ആ ഇനി തിരുത്താൻ പോകണ്ട. ദാസ് എന്തായാലും അസ്സലായി പാടി. ആദ്യം പാടിയതിന്‍റെ സുഖം ഇനി കിട്ടിയെന്ന് വരില്ല' എന്ന് ഒഎൻവി സാർ പറഞ്ഞു.
ശബരിമലയ്‌ക്ക് പോകാൻ കെട്ട് നിറച്ചുതന്ന സ്വാമി, അങ്ങയുടെ മുന്നിൽ ഗാനരചയിതാവായി വന്നു എന്ന് കേട്ടിട്ടുണ്ട്. എന്താണ് ആ സംഭവം?
പണ്ട് ഞങ്ങൾ ഇടപ്പഴഞ്ഞി ക്ഷേത്രത്തിൽ നിന്നാണ് മലയ്‌ക്ക് പോകുന്നത്. വർഷങ്ങളായി കെട്ട് നിറച്ച് തന്ന സ്വാമിയെ എനിക്കോർമ്മയുണ്ട്. അപ്പോഴാണ് 'കുടുംബപുരാണം' എന്ന ചിത്രത്തിലെ പാട്ടുകൾ ചെയ്യാൻ മദ്രാസിലേക്ക് സത്യേട്ടൻ (സത്യൻ അന്തിക്കാട്) വിളിക്കുന്നത്. സ്റ്റുഡിയോയിൽ എത്തി സത്യേട്ടൻ പറഞ്ഞു, 'ഒരുങ്ങിയിരുന്നോളു, തിരുമേനി ഇപ്പോൾ പാട്ടുമായി വരും'.
ആൾ വന്ന് കയറിയപ്പോൾ അത്ഭുതം തോന്നി. സാക്ഷാൽ തിരുമേനി എന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി. അദ്ദേഹം എന്നെ ആശ്ലേഷിച്ചു. വർഷങ്ങൾ കെട്ട് നിറച്ച് തന്ന സ്വാമി. പിന്നീട് 'സാന്ത്വന'ത്തിലെ 'ഉണ്ണീ വാവാവോ'യും 'സ്വരകന്യകമാരും' ഉൾപ്പടെ എത്രയോ ഗാനങ്ങൾ ഞങ്ങൾ ചെയ്‌തു.
റിയാലിറ്റി ഷോയിൽ മോഹൻ സിത്താരയെ പ്രതീക്ഷിച്ച പലരുമുണ്ട്. നല്ല പണം കിട്ടുന്ന മേഖലയായിട്ടും അങ്ങോട്ടേക്ക് പോയില്ല?
എനിക്കത്രയും പണം വേണ്ട. ഞാൻ ഒന്നുമില്ലാത്തിടത്ത് നിന്നും വന്നയാളാണ്. സംഗീതത്തെ വിൽപ്പന ചരക്കാക്കാൻ ഉദ്ദേശിക്കുന്നില്ല. ദൈവം തന്ന ആയുസിൽ നന്നായി ജീവിക്കുന്നു. അത്രമാത്രം.
പുതിയ പ്രോജക്‌ട്?
കഥയും തിരക്കഥയും ഉൾപ്പടെ ഞാൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്‍റെ തയ്യാറെടുപ്പിലാണ്. ഇതുവരെ 450 ഓളം സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ചെറിയ ഷോർട്ട് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട്. ബ്ലെസ്സിയുടേത് ഉൾപ്പെടെ നിരവധി ലൊക്കേഷനുകളിൽ പോയ അനുഭവവും ഉണ്ട്. മകൻ വിഷ്‌ണു എന്ന അവിൻ മോഹൻ സിത്താരയാണ് ഈ സിനിമയ്‌ക്ക് സംഗീതം നൽകുന്നത്.
മലയാള സംഗീത ലോകത്ത് മോഹൻ സിത്താരയുടെ സംഭാവന എന്താണ്?
സംഗീതം അവസാനിക്കാത്ത അത്ഭുതമാണ്. അതിന്‍റെ അതിരുകൾ ചക്രവാളം പോലെ അകലെയാണ്. ആ വിസ്‌മയത്തിന് മുന്നിൽ ആരാധനയോടെ നിൽക്കുന്ന കൊച്ചുകുട്ടിയാണ് ഞാൻ. എങ്കിലും എവിടെയൊക്കെയോ ഉള്ള അജ്ഞാതരായ ആളുകളുടെ മനസിൽ ഞാനെന്തെങ്കിലും ഒരു ഈണം അവശേഷിപ്പിച്ചിട്ടുണ്ടാകും. അത് ഓർക്കുന്നത് തന്നെ ഒരു സുഖമാണ്.
മോഹൻസിത്താര ഹിറ്റ്‌സ്
1. സഹ്യസാനു ശ്രുതി ചേർത്തുവച്ച (സിനിമ - കരുമാടിക്കുട്ടൻ, ഗാനരചന - യൂസഫലി)
2. ഉണ്ണീ വാവാ വോ (സാന്ത്വനം, കൈതപ്രം)
3. ചാന്തുപൊട്ടും ചങ്കേലസും (വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, യൂസഫലി)
4. ഒരു പൂ മാത്രം ചോദിച്ചു (സ്വപ്‌നക്കൂട്, കൈതപ്രം)
5. എന്ത് സുഖമാണീ രാവ് (നമ്മൾ, കൈതപ്രം)
6. പതിനേഴിന്‍റെ പൂങ്കരളിൽ (വെള്ളരിപ്രാവിന്‍റെ ചങ്ങാതി, വയലാർ ശരത്)
7. പുതുമഴയായി പൊഴിയാം (മുദ്ര, കൈതപ്രം)
8. കണ്ടു കണ്ടു കണ്ടില്ല (ഇഷ്‌ടം, കൈതപ്രം)
9. എന്തു ഭംഗി നിന്നെ കാണാൻ (ജോക്കർ, യൂസഫലി)
10. എന്‍റെ കണ്ണിൽ വിരുന്നു വന്നു (ദീപസ്‌തംഭം മഹാശ്ചര്യം, യൂസഫലി)
11. എനിക്കും ഒരു നാവുണ്ടെങ്കിൽ (ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, യൂസഫലി)
12. സ്വരകന്യകമാർ വീണ മീട്ടുകയായി (സാന്ത്വനം, കൈതപ്രം)