'കപ്പേള'യ്‌ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവന്നു. 'മുറ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Muhammed Musthafa - suraj venjaramoodu).
പ്രേക്ഷക - നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ വീണ്ടും സംവിധായക കുപ്പായം അണിയുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. ഏറെ കൗതുകമുണർത്തുന്ന ടൈറ്റിൽ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം നഗര പശ്ചാത്തലത്തിൽ നടക്കുന്ന കഥയാകും 'മുറ' പറയുക എന്ന സൂചനയും നൽകുന്നതാണ് ഈ പോസ്റ്റർ.
വ്യത്യസ്‌തമാർന്ന പ്രമേയമാകും ചിത്രം പറയുക എന്നുറപ്പ്. അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ട തിരുവനന്തപുരം പ്രദേശവാസികൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള ചിത്രത്തിന്‍റെ കാസ്റ്റിംഗ് കോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ടൈറ്റിൽ പോസ്റ്ററും കയ്യടി നേടുകയാണ്.
സുരാജ് വെഞ്ഞാറമ്മൂടിന് പുറമെ ഹൃദു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്‌ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരാണ് 'മുറ'യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വഴിയോരങ്ങളിൽ നിന്നും കോളജുകളിൽ നിന്നും കഥാപാത്രങ്ങളുമായി സാദൃശ്യം തോന്നുന്നവരെ നേരിട്ട് ഓഡിഷൻ സെന്‍ററിൽ എത്തിച്ച് ട്രെയിൻ ചെയ്‌താണ് താരനിർണയം പൂർത്തിയാക്കിയത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു കൂട്ടം യുവതീ - യുവാക്കളെ കൈപിടിച്ച് കയറ്റുക കൂടിയാണ് സംവിധായകൻ മുസ്‌തഫ.
കേരളത്തിലെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ റിയാ ഷിബു ആണ് ചിത്രത്തിന്‍റെ നിർമാണം. സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചത്. 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രശസ്‌തിയാർജിച്ച എഴുത്തുകാരനും അഭിനേതാവുമാണ് സുരേഷ് ബാബു. റോണി സക്കറിയയാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.
ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ചമൻ ചാക്കോ ആണ്. മിഥുൻ മുകുന്ദൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി സി സ്റ്റണ്ട്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്.
ALSO READ: 'കപ്പേള'യ്‌ക്ക് ശേഷം പുതിയ ചിത്രവുമായി മുഹമ്മദ് മുസ്‌തഫ ; ഷൂട്ടിംഗ് നാളെ മുതൽ
തിരുവനന്തപുരത്ത് നിലവിൽ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മധുരൈ, തെങ്കാശി, ബെംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ മറ്റ് ലൊക്കേഷനുകൾ. പി ആർ ഒ - പ്രതീഷ് ശേഖർ.