തിരുവനന്തപുരം: ചാള മേരി എന്ന പേരില്‍ മലയാളികളുടെ ഇഷ്‌ട താരമായി മാറിയ മോളി കണ്ണമാലി ഹോളിവുഡിലേക്ക്. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യു സംവിധാനവും നിർമാണവും നിർവഹിക്കുന്ന 'ടുമോറോ' എന്ന ചിത്രത്തിലാണ് മോളി കണ്ണമാലി വേഷമിടുന്നത്. തിരുവനന്തപുരം മ്യൂസിയത്തിൽ നടന്ന സിനിമയുടെ പൂജാ ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്‌തു.
സൂര്യ കൃഷ്‌ണമൂര്‍ത്തിയായിരുന്നു ചടങ്ങിന്‍റെ മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാര്‍ ചിത്രത്തിന്‍റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. സെൻസർ ബോർഡ് അംഗവും എഴുത്തുകാരിയുമായ ഗിരിജ സേതുനാഥ് ഭദ്രദീപ പ്രകാശനം നടത്തി. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സഹകരണത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹായത്തിന്‍റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. ഈ ഏഴ് കഥകളില്‍ ഒരു കഥ ചിത്രീകരിക്കുന്നത് ഇന്ത്യയിലാണ്. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായാണ് ഇന്ത്യയിലെ ചിത്രീകരണം. മറ്റ് ആറു കഥകളും വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നത്.
മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ആദം കെ അന്തോണി ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ഥന്‍, കാതറിന്‍, സരോജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.