ദൃശ്യം സീരീസിലെ ആദ്യ രണ്ട് ചിത്രങ്ങളുടെ വന്‍വിജയത്തിന് പിന്നാലെ ത്രില്ലര്‍ ചിത്രത്തിന് മൂന്നാം ഭാഗവും ഒരുങ്ങുന്നു. ഒരു ചാനല്‍ പരിപാടിക്കിടെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് മൂന്നാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദൃശ്യം 3 വരുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം ഔദ്യോഗികമാക്കിയത് ഇപ്പോഴാണ്.
മോഹന്‍ലാലും പങ്കെടുത്ത ചടങ്ങിലാണ് ആന്‍റണി പെരുമ്പാവുര്‍ മൂന്നാം ഭാഗത്തെ കുറിച്ച് മനസുതുറന്നത്. ദൃശ്യം 3യുടെ ക്ലൈമാക്‌സ് തന്‍റെ മനസിലുണ്ടെന്ന് മുന്‍പ് സംവിധായകന്‍ ജീത്തു ജോസഫ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഏതായാലും പ്രഖ്യാപനം വന്നതോടെ മോഹന്‍ലാല്‍ ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
പാന്‍ ഇന്ത്യന്‍ ലെവല്‍ റീച്ചാണ് ദൃശ്യം രണ്ടാം ഭാഗത്തിന് ലഭിച്ചിരുന്നത്. ഒടിടിയിലൂടെ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലക്ക് എത്തി. ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തിയ ഒരു രണ്ടാം ഭാഗമാണ് സംവിധായകന്‍ ജീത്തു ജോസഫ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മലയാളികള്‍ക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകരും സിനിമ ഏറ്റെടുത്തു.
ദൃശ്യം 2 കണ്ട ശേഷം തിയേറ്റര്‍ അനുഭവം മിസായതിന്‍റെ നിരാശ പലരും പ്രകടിപ്പിച്ചിരുന്നു. 2021ലാണ് ബ്ലോക്ക്‌ബസ്റ്റര്‍ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയത്. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്‌തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ് എന്നീ താരങ്ങള്‍ ആദ്യ രണ്ട് ഭാഗങ്ങളിലും അഭിനയിച്ചു.
ദൃശ്യം 2 പിന്നീട് തെലുഗുവിലും കന്നഡയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ജീത്തു ജോസഫാണ് സിനിമ തെലുഗുവില്‍ സംവിധാനം ചെയ്‌തത്. 2013ലാണ് ദൃശ്യം ആദ്യ ഭാഗം റിലീസ് ചെയ്‌തത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ആദ്യ ഭാഗം തിയേറ്ററുകളില്‍ വന്‍വിജയമാണ് നേടിയത്.
150 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യം 75 കോടിക്കടുത്താണ് കലക്ഷന്‍ നേടിയത്. ദൃശ്യം ആദ്യ ഭാഗം പിന്നീട് തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, സിംഹളീസ്, ചൈനീസ്, ഇന്‍ഡോനേഷ്യന്‍ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു.