മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് 'ബറോസ്'. സംവിധായകനായുള്ള മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്നത് കൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ 'ബറോസ്' മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ 'ബറോസു'മായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.
- " class="align-text-top noRightClick twitterSection" data="">
'ബറോസ്' ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാമറയ്‌ക്ക് മുന്നില്‍ പ്രണവ് മോഹന്‍ലാലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാനാവുക. സെറ്റില്‍ നില്‍ക്കുന്ന പ്രണവിനോട് മോഹന്‍ലാല്‍ ഷോട്ട് വിവരിക്കുന്നതും കാണാം. സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന എന്നിവരെയും വീഡിയോയില്‍ കാണാം.
2019ലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. 2021 മാര്‍ച്ച് 24നായിരുന്നു 'ബറോസി'ന്‍റെ ഒഫീഷ്യല്‍ ലോഞ്ച്. 170 ദിവസത്തോളമെടുത്താണ് 'ബറോസ്' ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ ചിത്രം പോസ്‌റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്‌ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. നേരത്തെ 'ബറോസി'ലെ മോഹന്‍ലാലിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു.
തല മൊട്ടയടിച്ച് താടി നീട്ടി വളർത്തി സിംഹാസനത്തിൽ ഇരിക്കുന്ന താരത്തെയായിരുന്നു പോസ്‌റ്ററില്‍ കാണാനാവുക. ഡി ഗാമയുടെ നിധി കാക്കുന്ന ഭൂതത്തിന്‍റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്. ഫസ്‌റ്റ് ലുക്കിന് പുറമെ 'ബറോസി'ന്‍റെ പ്രൊമോ ടീസറും പുറത്തുവിട്ടിരുന്നു.
മോഹന്‍ലാലും പ്രൊമോ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഒരേ സമയം ആക്ഷന്‍ പറയുകയും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന മോഹന്‍ലാല്‍ ആയിരുന്നു പ്രൊമോ ടീസറില്‍. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും 'ബറോസി'ന്‍റെ ഭാഗമാകുന്നുണ്ട്.
പ്രതാപ് പോത്തന്‍, സ്‌പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവരും സിനിമയില്‍ അഭിനയിക്കും. ബറോസില്‍ വാസ്‌കോഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ എത്തുക. ഭാര്യയായി പാസ് വേഗയും വേഷമിടും. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ' സംവിധായകന്‍ ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്' ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്നു 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍'. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ 'ബറോസി'ന്‍റെ സഹ സംവിധായകനാണ്. ബോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ് 'ബറോസി'ന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ജിജോ പുന്നൂസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കും. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. ഒരു ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലായിരിക്കും 'ബറോസ്' ആദ്യം അവതരിപ്പിക്കുകയെന്ന് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് ബറോസ് കലാ സംവിധായകന്‍ സന്തോഷ് രാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: ആരാധകർക്ക് പുതുവർഷ സമ്മാനവുമായി മോഹൻലാൽ ; ബറോസ് ഫസ്റ്റ് ലുക്ക് പുറത്ത്