മലയാളത്തിന്‍റെ നടന വിസ്‌മയം മമ്മൂട്ടിക്ക് പിറന്നാളാശംസകൾ അറിയിച്ച് നടന്‍ മോഹൻലാൽ. ആരാധകർ ഏറെ കാത്തിരുന്ന ആശംസയായിരുന്നു മോഹൻലാലിന്‍റേത്. എല്ലാത്തവണയും തന്‍റെ ഇച്ചാക്കയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ തന്‍റെ 'മമ്മൂട്ടിക്ക'യ്ക്കുള്ള പിറന്നാൾ ആശംസകളുമായി മോഹൻലാൽ എത്തി.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് ആശംസകൾ അറിയിച്ചത്. ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. തന്‍റെ ജ്യേഷ്ഠനായ ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ എന്ന് വീഡിയോയില്‍ പറയുന്നു.'ഏ ദോസ്‌തി' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിലൂടെയാണ് വീഡിയോയുടെ തുടക്കം. ഗാനത്തിനൊപ്പം ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രവും താരം പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="">
മോഹൻലാൽ പറയുന്നു : മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമ്മ ബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തേക്കാൾ വലുതാണ് ചിലപ്പോൾ കർമ്മബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവുകൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമ്മബന്ധം ഉണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേ ഉള്ളൂ. മമ്മൂട്ടിക്ക.ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത് ജേഷ്‌ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെ പോലെയല്ല, ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം. ഒരേ കാലത്ത് സിനിമയിൽ എത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍. വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്‌ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക എന്നത് നിസാര കാര്യമല്ല. ഈ ജന്മനാളിൽ എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക. ലോട്ട്സ് ഓഫ് ലവ് ആൻഡ് പ്രയേർസ്.
നിരവധി ആരാധകർ വീഡിയോയ്ക്ക് കീഴെ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നു. സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി ആളുകൾ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർധരാത്രി കേക്ക് മുറിച്ച് ആഘോഷിക്കാനും ആരാധകർ എത്തിയിരുന്നു. അവരെ നടന്‍ അഭിവാദ്യം ചെയ്‌തിരുന്നു.