വര്‍ഷങ്ങളായി തന്‍റെ അഭിനയമികവിലൂടെ നമ്മെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനടനാണ് മോഹന്‍ലാല്‍. നടന്‍റെ മിക്ക ശ്രദ്ധേയ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസുകളില്‍ മായാതെ നില്‍ക്കുന്നു. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമ ജീവിതത്തില്‍ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ തന്നെ ചുരുക്കമാണ്. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും അഭിനയിക്കും എന്നതുകൊണ്ടാണ് കംപ്ലീറ്റ് ആക്‌ടര്‍ എന്ന വിശേഷണം സൂപ്പര്‍താരത്തിന് ലഭിച്ചത്.
മലയാളികള്‍ക്ക് പുറമെ അന്യഭാഷ പ്രേക്ഷകരും ലാലേട്ടനെ ഏറെ ഇഷ്‌ടപ്പെടുന്നു. ഏത് വേഷം കിട്ടിയാലും അത് അനായാസേന അവതരിപ്പിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട് മോഹന്‍ലാല്‍. മലയാളത്തിന്‍റെ മഹാനടന്‍റെ 62ാം പിറന്നാള്‍ ദിനമാണിന്ന്. ലാലേട്ടന്‍റെ ജന്മദിനം ഇത്തവണയും വലിയ രീതിയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍. നടന്‍റെ ജന്മദിനത്തില്‍ മോഹന്‍ലാലിന്‍റെ മികച്ച ചില കഥാപാത്രങ്ങളെ കുറിച്ച് വീണ്ടും പറയുകയാണ് ഇവിടെ. തുടര്‍ന്ന് വായിക്കൂ...
സേതുമാധവന്‍-കിരീടം:സിബി മലയില്‍ സംവിധാനം ചെയ്‌ത കിരീടം സിനിമയിലെ സേതുമാധവനെ ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വൈകാരിക രംഗങ്ങള്‍ ഏറെയുളള സിനിമയില്‍ വിസ്‌മയിപ്പിക്കുന്ന അഭിനയപ്രകടനമാണ് മോഹന്‍ലാല്‍ കാഴ്‌ചവച്ചത്. നടന്‍റെ മികച്ച കഥാപാത്രങ്ങളില്‍ എറ്റവും മുന്നില്‍ തന്നെ സ്ഥാനം അര്‍ഹിക്കുന്ന റോളാണ് കിരീടത്തിലെ സേതുമാധവന്‍. അത്രത്തോളം മികവുറ്റതാക്കിയാണ് നടന്‍ ഈ കഥാപാത്രം അവതരിപ്പിച്ചത്.
വിഷ്‌ണു-ചിത്രം: ചിത്രം സിനിമയിലെ വിഷ്‌ണു ലാലേട്ടന്‍ അനായാസമായി അവതരിപ്പിച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ ഉടനീളം പ്രേക്ഷകരെ സന്തോഷിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രം ക്ലൈമാക്‌സില്‍ എല്ലാവരുടെ കണ്ണ് നനയിപ്പിച്ചു. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ വന്ന ചിത്രം സിനിമ ഇന്നും ആരാധകരുടെ ഇഷ്ട സിനിമകളിലൊന്നാണ്.
സത്യനാഥന്‍-സദയം: മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ വ്യത്യസ്‌തമായ ഒരു കഥാപാത്രമായിരുന്നു സദയത്തിലെ സത്യനാഥന്‍. കൈയില്‍ നിന്നും വഴുതിപോകാന്‍ വലിയ സാധ്യതയുണ്ടായിരുന്ന കഥാപാത്രത്തെ തന്‍റെ സൂക്ഷ്‌മാഭിനയത്തിലൂടെ നടന്‍ മികവുറ്റതാക്കി. സിബി മലയിലിന്‍റെ സംവിധാനത്തില്‍ ഇറങ്ങിയ സദയം മോഹന്‍ലാലിന്‍റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ്.
ഗോപിനാഥന്‍-ഭരതം: മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാല്‍ ആദ്യമായി നേടിയ ചിത്രമാണ് ഭരതം. സിബി മലയില്‍ തന്നെ സംവിധാനം ചെയ്‌ത ചിത്രത്തിലെ ഗോപിനാഥന്‍ എന്ന കഥാപാത്രം നടന്‍ അവിസ്‌മരണീയമാക്കി. ഏകെ ലോഹിതദാസിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ മോഹന്‍ലാലിന് ഏറെ അഭിനയസാധ്യതകളുളള കഥാപാത്രമാണ് ലഭിച്ചത്. അത് നടന്‍ ഏറെ ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്‌തു.
ജോജി-കിലുക്കം: കിലുക്കത്തിലെ ജോജി മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത മോഹന്‍ലാലിന്‍റെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ്. തന്‍റെ സേഫ് സോണില്‍ നിന്ന് നടന്‍ ചെയ്‌ത റോളിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. റിലീസ് ചെയ്‌ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ലാലേട്ടന്‍റെ കിലുക്കവും ജോജിയും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ബോക്സോഫീസില്‍ നിന്നും വന്‍വിജയം നേടി.
ദാസന്‍-നാടോടിക്കാറ്റ്: നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഇഷ്‌ടപ്പെടാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. അത്രയ്ക്കും ഗംഭീരമായാണ് മോഹന്‍ലാലും ശ്രീനിവാസനും ആ റോളുകള്‍ അവതരിപ്പിച്ചത്. സാധാരണക്കാരന്‍റെ നിഷ്‌കളങ്കത നിറഞ്ഞ ജീവിതവും സിഐഡിയായുളള മാറ്റവും വളരെ തന്മയത്വത്തോടെ മോഹന്‍ലാല്‍ അവതരിപ്പിച്ചു. സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നാടോടിക്കാറ്റ്.
ആടുതോമ-സ്‌ഫടികം: സ്‌ഫടികത്തിലെ ആടുതോമ മോഹന്‍ലാലിന്‍റെ കരിയറിലെ എറ്റവും മികച്ച മാസ് കഥാപാത്രമാണ്. ഭരതന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ പൂണ്ടുവിളയാടുകയായിരുന്നു നടന്‍. സ്‌ഫടികത്തിലെ മോഹന്‍ലാലിന്‍റെ വേഷവും സ്റ്റൈലുമെല്ലാം അക്കാലത്ത് വലിയ തരംഗമായി മാറി. ഇന്നും മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ഇഷ്‌ടപ്പെടുന്ന കഥാപാത്രമാണ് ആടുതോമ.
രഘുരാമന്‍-ഗുരു: ഗുരു സിനിമയില്‍ രഘുരാമന്‍ എന്ന കഥാപാത്രമായി ശരിക്കും പരകായ പ്രവേശം നടത്തുകയായിരുന്നു മോഹന്‍ലാല്‍. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്‌ത ഫാന്‍റസി ചിത്രം ഇന്ത്യയില്‍ നിന്നും ഓസ്‌കര്‍ നോമിനേഷന്‍ വരെ നേടിയ സിനിമയാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ വ്യത്യസ്‌ത അഭിനയപ്രകടനമാണ് ഗുരുവില്‍ പ്രേക്ഷകര്‍ കണ്ടത്. നടന് ഏറെ അഭിനയസാധ്യതകളുളള കഥാപാത്രമായിരുന്നു ഗുരു സിനിമയിലെ രഘുരാമന്‍.
ഗോവര്‍ദ്ധന്‍-കാലാപാനി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത കാലാപാനിയിലെ ഗോവര്‍ദ്ധന്‍ സിനിമാ പ്രേമികളെ വിസ്‌മയിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രമാണ്. മറ്റു താരങ്ങളെല്ലാം ചെയ്യാന്‍ മടിക്കുന്ന ചില രംഗങ്ങള്‍ മടി കൂടാതെ നടന്‍ സിനിമയില്‍ അവതരിപ്പിച്ചു. കാലാപാനിയില്‍ ഗോവര്‍ദ്ധന്‍റെ ഗെറ്റപ്പും വസ്‌ത്രധാരണവുമെല്ലാം ശ്രദ്ധേയമായിരുന്നു. സിനിമ കണ്ട് കഴിയുന്ന പ്രേക്ഷകര്‍ക്ക് ഈ കഥാപാത്രമായി ലാലേട്ടനെ അല്ലാത്ത മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
മംഗലശ്ശേരി നീലകണ്‌ഠന്‍-ദേവാസുരം: ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്‌ഠനായി ശരിക്കും വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത്. വേറിട്ട അഭിനയതലങ്ങളുളള സിനിമയില്‍ തന്‍റെ കഥാപാത്രത്തെ മികവുറ്റ രീതിയില്‍ നടന്‍ അവതരിപ്പിച്ചു. വളരെ പക്വതയാര്‍ന്ന പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്‌ചവച്ചത്. നടന്‍റെ അഭിനയജീവിതത്തിലെ എറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ വിലയിരുത്തിയ റോള്‍ കൂടിയാണ് നീലകണ്‌ഠന്‍.
കുഞ്ഞിക്കുട്ടന്‍-വാനപ്രസ്‌ഥം: വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍ നടന്‍റെ അഭിനയ ജീവിതത്തില്‍ ലഭിച്ച മികച്ച റോളുകളിലൊന്നാണ്. ചിത്രത്തില്‍ കഥകളി അവതരിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ രംഗങ്ങളെല്ലാം തന്നെയും ശ്രദ്ധേയമായിരുന്നു. പ്രശസ്‌തരായ കഥകളി ആചാര്യന്മാരെ പോലും അത്‌ഭുതപ്പെടുത്തിയ പ്രകടനമാണ് ചിത്രത്തില്‍ നടന്‍ കാഴ്ചവച്ചത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത സിനിമയിലൂടെ മികച്ച നടനുളള ദേശീയ പുരസ്കാരം മോഹന്‍ലാല്‍ വീണ്ടും നേടി.
രമേശന്‍ നായര്‍-തന്മാത്ര: തന്മാത്രയിലെ അല്‍ഷിമേഴ്‌സ് രോഗിയായ രമേശന്‍ നായര്‍ മലയാളികളെ കണ്ണീരിലാഴ്ത്തിയ കഥാപാത്രമാണ്. അത്രയ്ക്കും ഗംഭീരമായി ലാലേട്ടന്‍ ആ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചു. ബ്ലെസി എന്ന സംവിധായകന്‍റെ മികച്ച തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ തന്മാത്രയില്‍ ശ്രദ്ധേയ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത്.
ജഗന്നാഥന്‍-ആറാം തമ്പുരാന്‍: ആറാം തമ്പുരാനിലെ മോഹന്‍ലാലിന്‍റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ജഗന്നാഥന്‍ എന്ന കഥാപാത്രമായി ശരിക്കും പൂണ്ടുവിളയാടുകയായിരുന്നു നടന്‍. ഷാജി കൈലാസ് സംവിധാനം ചെയ്‌ത ചിത്രത്തിലെ റോള്‍ നടന്‍റെ കരിയറിലെ മികച്ച മാസ് കഥാപാത്രങ്ങളിലൊന്നാണ്. ബോക്സോഫീസില്‍ വന്‍വിജയമായ ചിത്രം ടിവിയില്‍ വന്നപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
വലിയകത്ത് മൂസ-പരദേശി: പിടി കുഞ്ഞുമുഹമ്മദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ പരദേശിയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. പരദേശിയിലെ വലിയകത്ത് മൂസ പ്രേക്ഷകരും നിരൂപകരും ഒരേപോലെ പ്രശംസിച്ച മോഹന്‍ലാല്‍ കഥാപാത്രമാണ്. 35 മുതൽ 80 വയസ് വരെയുള്ള ജീവിതത്തിന്‍റെ മൂന്ന് ഘട്ടങ്ങൾ പരദേശിയില്‍ മോഹന്‍ലാല്‍ അനായാസമായി അവതരിപ്പിച്ചു.