Manju Warrier against Sanal Kumar Sasidharan: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയുള്ള മഞ്ജുവാര്യരുടെ പരാതി സംബന്ധിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. സനല്‍ കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ഥനയുമായി തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നാണ് മഞ്ജു വാര്യരുടെ പരാതി. സംവിധായകനില്‍ നിന്നുള്ള നിരന്തര ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മിഷണര്‍ ഓഫിസില്‍ പരാതി നല്‍കിയതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2019 ഓഗസ്‌റ്റ് മുതല്‍ ഇമെയിലിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഫോണിലൂടെയും പ്രണയാഭ്യര്‍ഥന നടത്തുകയും, അത് നിരസിച്ചതിലുള്ള വിരോധത്താല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് മഞ്ജുവിന്‍റെ പരാതിയുടെ ഉള്ളടക്കം. സോഷ്യല്‍ മീഡിയ കൂടാതെ സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സനല്‍ കുമാര്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി മഞ്ജുവിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
'ലൊക്കേഷനില്‍ മഞ്ജു വാര്യരോട് സനല്‍ കുമാര്‍ ശശിധരന്‍ പ്രണയം പറഞ്ഞിരുന്നു. അത് കാര്യമായി എടുക്കാതിരുന്നതോടെ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചു. കോളും വാട്‌സ്‌ആപ്പും ബ്ലോക്ക് ചെയ്‌തപ്പോള്‍ എസ്‌എംഎസും മെയിലുകളും അയച്ച് ശല്യപ്പെടുത്തി. നേരിട്ട് വിളിച്ച് താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്‍റെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മഞ്ജു വാര്യര്‍ പരാതി നല്‍കിയത് ' - മഞ്ജുവിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. നടിയുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനല്‍ കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പുകളാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം.