വിഖ്യാത അന്താരാഷ്‌ട്ര മാധ്യമമായ ദി ന്യൂയോര്‍ക്ക് ടൈംസിന്‍റെ പ്രധാനപ്പെട്ട അഞ്ച് ലോക സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ച് മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ഇന്ത്യയില്‍ നിന്നും ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംപിടിച്ച ഏക സിനിമ കൂടിയാണിത്. പട്ടികയില്‍ ആദ്യ സ്ഥാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ഫ്രഞ്ച് ചിത്രം 'ജംബോ', 'എ ഹ്യൂമന്‍ പൊസിഷന്‍', ഹൊറര്‍ ചിത്രം 'ഡൊമസ്‌റ്റിക്', 'ദി ഷോ' എന്നിവയാണ് പട്ടികയില്‍ സ്ഥാനമുറപ്പിച്ച മറ്റ് നാല് സിനിമകള്‍. സമീപകാല മമ്മൂട്ടി സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്‌തമായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കം'. വ്യത്യസ്‌ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്‌ടിയുമായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. തന്‍റെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമായാണ് ലിജോ ജോസ് 'നന്‍പകല്‍ നേരത്ത് മയക്കം' ഒരുക്കിയത്.
മമ്മൂട്ടിയുടെ പുതിയൊരു മാസ്‌മരിക പ്രകടനമാണ് സിനിമയില്‍ കാണാനായത്. മമ്മൂട്ടിയുടെ അഭിനയ മികവിനെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നായിരുന്നു സിനിമ കണ്ട ശേഷം സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചത്.
മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ലിജോ ജോസ് പെല്ലിശ്ശേരിയെയും പുകഴ്‌ത്തിയിരുന്നു. അദ്ദേഹം ഒരു ജീനിയസ് ആണെന്നും ഇനിയും ഉയരങ്ങൾ കീഴടക്കാന്‍ ഇരിക്കുന്നു എന്നുമാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചുള്ള ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. 57 വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ തന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്ന് കൂടിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം' എന്നും അദ്ദേഹം പറഞ്ഞു.
ചിത്രം വളരെ മനോഹരവും സുന്ദരവും ആണെന്നാണ് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്. വളരെ മനോഹരവും സുന്ദരവുമായിരുന്നു ചിത്രമെന്നും മമ്മൂട്ടി സാര്‍ ഗംഭീരമായിരുന്നുവെന്നും പറഞ്ഞ കാര്‍ത്തിക് സുബ്ബരാജ് ലിജോയുടെ മാജിക് എല്ലാവരും തിയേറ്ററുകളില്‍ തന്നെ പോയി കാണണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.
ജെയിംസ്, സുന്ദരം എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, ചേതന്‍ ജയലാല്‍, ടി സുരേഷ് ബാബു, സഞ്ജന ദീപു, അശ്വത് അശോക് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ആമേന്‍ മൂവി മൊണാസ്‌ട്രിയുടെ ബാനറില്‍ ലിജോ ജോസിനും സിനിമയില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം കൂടിയാണിത്.
ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറര്‍ ഫിലിംസായിരുന്നു സിനിമയുടെ വിതരണം. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 23 മുതല്‍ നെറ്റ്‌ഫ്ലിക്‌സിലൂടെ ചിത്രം സ്‌ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.