'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ്രമയുഗം'. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വമ്പൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
'ഭ്രമയുഗം' ടീസർ ഇന്ന് പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് (Mammootty starrer 'Bhramayugam' teaser will be released today). ഇന്ന് വൈകിട്ട് 5 മണിക്ക് ടീസർ പ്രേക്ഷകർക്കരികിലെത്തും. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും കാരക്‌ടർ പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. ഇനി ടീസറിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.
ഈ വർഷം തുടക്കത്തിൽ ആരാധകർക്ക് പുതുവത്സര സമ്മാനമെന്നോണം അണിയറക്കാർ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ദി എയ്‌ജ് ഓഫ് മാഡ്‌നസ് (The Age of Madness) എന്ന ടാഗ്‌ലൈനോടെ പുറത്തുവന്ന ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററിൽ ഞെട്ടിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലുമാണ് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ചിത്രത്തിലെ മറ്റ് നിർണായക കഥാപത്രങ്ങളുടെ പോസ്റ്ററുകളും എത്തി.
അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് ഭ്രമയുഗത്തിൽ മമ്മൂട്ടിയോടൊപ്പം സുപ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ ആണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് എന്നതും 'ഭ്രമയുഗ'ത്തിന്‍റെ പ്രധാന ആകർഷണമാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
READ MORE: പേടിപ്പിക്കാൻ 'ഭ്രമയുഗം' ; പുതിയ പോസ്റ്റർ പുറത്ത്, പുതുവർഷത്തിലും ഞെട്ടിച്ച് മമ്മൂട്ടി
ഹൊറർ ത്രില്ലർ സിനിമകൾക്കായി മാത്രം ആരംഭിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഭ്രമയുഗം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച 'ഭ്രമയുഗം' പൂർത്തിയായ വിവരം അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ചത്. പതിറ്റാണ്ടുകൾക്കിപ്പുറവും പുതുമയാർന്ന ചിത്രങ്ങളും ഭാവ പ്രകടനങ്ങളും സമ്മാനിക്കുന്ന മമ്മൂട്ടി 'ഭ്രമയുഗ'ത്തിൽ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് കാണാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും.
ഈ വർഷം ആദ്യം തന്നെ ഭ്രമയുഗം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷെഹ്‌നാദ് ജലാലാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം ഷഫീഖ് മുഹമ്മദ് അലി കൈകാര്യം ചെയ്യുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ, പി ആർ ഒ : ശബരി.
ALSO READ: കൈയ്യില്‍ ഓലചൂട്ടും ആരെയോ തിരഞ്ഞുള്ള നോട്ടവും; 'ഭ്രമയുഗം' പുതിയ കാരക്‌ടർ പോസ്റ്റർ പുറത്ത്