മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് അത്യുഗ്രൻ സമ്മാനവുമായി 'കണ്ണൂർ സ്‌ക്വാഡ്' അണിയറ പ്രവർത്തകർ. കാത്തിരിപ്പിനൊടുവിൽ 'കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു (Mammootty Kannur Squad Trailer). ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെയും സംഘത്തിന്‍റെയും ഉദ്വേഗഭരിതമായ കഥയാണ് ചിത്രം പറയുന്നത്.
മലയാളത്തില്‍ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങള്‍ ഒരുക്കിയ മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്‌ക്വാഡിന്‍റെ നിർമാണം. റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ.
- " class="align-text-top noRightClick twitterSection" data="">
പല കുറ്റകൃത്യങ്ങൾക്കും പിന്നിലെ ദുരൂഹതകൾ മറനീക്കി കുറ്റവാളികളെ കണ്ടെത്തുന്ന, അതിനായി നടത്തുന്ന പരിശ്രമങ്ങളെ ആസ്‌പദമാക്കിയുള്ള റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലര്‍ ആണ് 'കണ്ണൂർ സ്‌ക്വാഡ്' എന്ന സൂചനയുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം വാഗ്‌ദാനം ചെയ്യുന്ന ട്രെയിലർ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
മമ്മൂട്ടിക്കൊപ്പം കിഷോർ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, മനോജ് കെയു, അര്‍ജുന്‍ രാധാകൃഷ്‌ണന്‍, ദീപക് പറമ്പോള്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും 'കണ്ണൂർ സ്‌ക്വാഡി'ൽ അണിനിരക്കുന്നു (Kannur Squad cast).
കണ്ണൂര്‍, കാസർകോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ 'കണ്ണൂർ സ്‌ക്വാഡ്' വിതരണം ചെയ്യുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. എസ് ജോര്‍ജ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.
ഷാഫിയാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.
ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, അഭിജിത്ത്, വിഎഫ്എക്‌സ് ഡിജിറ്റല്‍ - ടര്‍ബോ മീഡിയ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - വിടി ആദര്‍ശ്, വിഷ്‌ണു രവികുമാര്‍, ചീഫ് അസോസിയേറ്റ് കാമറാമാന്‍ - റിജോ നെല്ലിവിള, സൗണ്ട് ഡിസൈന്‍ - ടോണി ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ്‌സുന്ദര, വിഷ്‌ണു സുഗതന്‍. സ്‌റ്റില്‍സ് - നവീന്‍ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Kannur Squad crew).
മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് 'കണ്ണൂർ സ്‌ക്വാഡ്'. 'നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടെ മുൻ ചിത്രങ്ങൾ. ഇതിൽ മമ്മൂട്ടി - ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കുന്ന 'കാതല്‍' റിലീസ് കാത്തിരിക്കുകയാണ്.