മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 'ഭ്രമയുഗ'ത്തിന്‍റെ ടീസര്‍ പുറത്ത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ പോസ്‌റ്ററുകളിലേത് പോലെ തന്നെ ഡാര്‍ക്ക് പശ്ചാത്തലത്തിലാണ് ടീസറും എത്തിയിട്ടുള്ളത്. "കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും" എന്ന ഡയലോഗോടുകൂടി ആരംഭിക്കുന്ന ടീസര്‍ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയ്ക്കല്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
ഏറെ ദുരൂഹതകള്‍ ജനിപ്പിക്കും വിധമുള്ള ടീസര്‍ പ്രേക്ഷകരിലും ഏറെ ആവേശം പകരുന്നുണ്ട്. മാത്രമല്ല ടീസറിലെ ദൃശ്യങ്ങളില്‍ ഭയത്താല്‍ കരഞ്ഞ് കണ്ണുകള്‍ കലങ്ങി നില്‍കുന്ന അര്‍ജുന്‍ അശോകന്‍റെ കഥാപാത്രത്തെയും കാണാം. ഇത് മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്‍റെയും പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.
മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്ക് പുറമെ സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്‌ഠന്‍ ആചാരി എന്നിവരും ടീസറിലുണ്ട്. ദുര്‍മന്ത്രവാദിയുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുമ്പോള്‍ ഏറെ ചോദ്യങ്ങളുയര്‍ത്തുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍റേത്. ടീസറിലെ ദുരൂഹതകള്‍ ചിത്രത്തെ വന്‍ വിജയത്തിലെത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ. ആവേശത്തിലായ പ്രേക്ഷകരാകട്ടെ റിലീസ് തീയതിക്കായി കാത്തിരിക്കുകയാണിപ്പോള്‍.
2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച 'ഭ്രമയുഗം' കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമായാണ് പൂർത്തീകരിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് നിർമിച്ചത്. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും 2024ന്‍റെ തുടക്കത്തിൽ 'The Age of Madness' എന്ന Tagline നോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. നിരവധി താരങ്ങള്‍ വേഷമിട്ട ചിത്രം മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.
Also Read: ഞെട്ടാൻ ഒരുങ്ങിക്കോ! മമ്മൂട്ടിയുടെ 'ഭ്രമയുഗം' ടീസർ ഇന്നെത്തും
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്ര സംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്‌ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ്: എംആർ രാജകൃഷ്‌ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.