സിനിമ താരങ്ങളുടെ മക്കള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി അരങ്ങേറ്റം കുറിക്കുന്ന കാലമാണിത്. തെന്നിന്ത്യയിലും ബോളിവുഡിലും എല്ലാം താരപുത്രന്മാരും പുത്രികളും ധാരാളമായി സിനിമയിലേക്ക് കടന്നുവരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ജയറാമിന്‍റെത്. നടന് പുറമെ ഭാര്യ പാര്‍വതിയും മക്കളായ കാളിദാസും മാളവികയുമൊക്കെ എല്ലാവരുടെയും പ്രിയപ്പെട്ടവരാണ്.
അച്ഛനും അമ്മയ്ക്കും ശേഷം ബാലതാരമായി കാളിദാസ് ആദ്യം സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിയുടെ അരങ്ങേറ്റം. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനടനായും കാളിദാസ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്‌ത പൂമരം എന്ന ചിത്രത്തിലാണ് താരപുത്രന്‍ നായകനായത്.
തമിഴിലും മലയാളത്തിലും സജീവമായ നടന് അടുത്തിടെ ഇറങ്ങിയ പാവ കഥൈകള്‍ എന്ന ചിത്രം കരിയറില്‍ വഴിത്തിരിവായി മാറി. കാളിദാസിന് പിന്നാലെ അനിയത്തി മാളവികയും അഭിനയരംഗത്തേക്ക് എത്തുകയാണ്. കുറച്ചുനാള്‍ മുന്‍പ് മോഡലിംഗ് രംഗത്ത് തുടക്കം കുറിച്ചിരുന്നു മാളവിക. മോഡലായി തിളങ്ങിയ ശേഷമാണ് ഒരു മ്യൂസിക് വീഡിയോയിലൂടെ ഇപ്പോള്‍ അഭിനയത്തിലും അരങ്ങേറ്റം കുറിക്കുന്നത്.
മായം സെയ്‌തായ് പൂവേ എന്ന പേരിലുളള മ്യൂസിക്ക് വീഡിയോയില്‍ നടന്‍ അശോക് സെല്‍വന്‍റെ ജോഡിയായാണ് മാളവിക എത്തുന്നത്. താരപുത്രിയുടെ ആദ്യ മ്യൂസിക്ക് വീഡിയോ യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മനോജ് പ്രഭാകറിന്‍റെ വരികള്‍ക്ക് പ്രണവ് ഗിരിധരനാണ് സംഗീതം നല്‍കി പാടിയിരിക്കുന്നത്. ആദ്യ മ്യൂസിക്ക് വീഡിയോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ മാളവിക തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
മാളവികയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും ജയറാം മനസുതുറന്നിട്ടുണ്ട്. ചക്കിക്ക് മലയാളം, തമിഴ് ഭാഷകളില്‍ നിന്നായി ഓഫറുകള്‍ വന്നിരുന്നു എന്നാണ് ജയറാം പറഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായി സംവിധായകന്‍ അനൂപ് സത്യന്‍ മുന്‍പ് മാളവികയെ സമീപിച്ചിരുന്നു.
ചെന്നൈയില്‍ എത്തി ചക്കിയോട് അനൂപ് കഥ പറഞ്ഞെങ്കിലും താന്‍ മാനസികമായി സിനിമ ചെയ്യാന്‍ റെഡിയായിട്ടില്ല എന്ന് പറഞ്ഞ് താരപുത്രി ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് കല്യാണി പ്രിയദര്‍ശനാണ് സിനിമയില്‍ ആ റോളില്‍ അഭിനയിച്ചത്. തമിഴ് നടന്‍ ജയം രവിയും അടുത്തിടെ ഒരു സിനിമയിലേക്ക് താരപുത്രിയെ വിളിച്ചു. മാളവികയുടെ സിനിമ അരങ്ങേറ്റം ഉടനുണ്ടാകുമെന്നാണ് അടുത്തിടെ ജയറാം അറിയിച്ചത്.