തിരുവന്തപുരം: ഗള്‍ഫ് പശ്ചാത്തലത്തിലുളള ഇന്ത്യയിലെ ആദ്യ റോഡ് മൂവിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന്‍റെ ത്രില്ലിലാണ് മുഴുനീള നടനായി വേഷം മാറിയ സംവിധായകന്‍ എം.എ നിഷാദ്. 'ടു മെന്‍' എന്ന ചിത്രത്തിലെ അബൂബക്കര്‍ എന്ന കഥാപാത്രത്തില്‍ നിറഞ്ഞ പ്രതീക്ഷയുണ്ടെന്ന് എം.എ നിഷാദ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇര്‍ഷാദും എം.എ നിഷാദും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഓഗസ്റ്റ് അഞ്ചിന് കേരളത്തിലും 11 ന് ഗള്‍ഫിലും റിലീസ് ചെയ്യും.
നാല്‍പ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന്‍റെ നര വീണ അബൂബക്കറിന്‍റെ മാനറിസങ്ങള്‍, അതേ അനുഭവങ്ങളുളള ഒരാളെ പഠിച്ചാണ് പകര്‍ത്തിയത്. ഷോട്ട് പറഞ്ഞു തന്ന് അഭിനയിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടാല്‍ ഒരുപക്ഷേ സാധിക്കില്ല. കഥാപാത്രമായി
പെരുമാറാനെ തനിക്കു പറ്റൂ. അഭിനയം വിലയിരുത്തി പ്രേക്ഷകര്‍ അഭിപ്രായം പറയട്ടെ എന്ന് എം.എ നിഷാദ് പറഞ്ഞു.
സൂപ്പര്‍ഹിറ്റായ 'വൈരം' അടക്കം പത്തോളം സിനിമകള്‍ സംവിധാനം ചെയ്‌ത വ്യക്തിയാണ് എം.എ നിഷാദ്. 1982 ല്‍ കമലഹാസനൊപ്പം 'അന്തിവെയിലിലെ പൊന്ന്' എന്ന ചിത്രത്തില്‍ ബാലതാരമായാണ് എം.എ നിഷാദിന്‍റെ അരങ്ങേറ്റം. പിന്നീട് നിര്‍മാതാവായും
സംവിധായകനായും ശ്രദ്ധ നേടി.
അഭിനയത്തില്‍ ശ്രദ്ധയൂന്നിയതോടെ നടനെന്ന നിലയില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'നെയിം' ആണ് എം.എ നിഷാദിന്‍റെ അടുത്ത ചിത്രം.