ന്യൂഡല്‍ഹി : നിത്യഹരിതവും ക്ലാസിക്കുകളുമായ ചിട്ടപ്പെടുത്തലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഇതിഹാസ സംഗീത സംവിധായകനാണ് സച്ചിൻ ദേവ് ബർമന്‍. ബംഗാളി ചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് തന്‍റെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ബോളിവുഡിലെ മാറ്റിനിര്‍ത്താനാവാത്ത സംഗീത സംവിധായകരില്‍ ഒരാളായി മാറി. കരിയറില്‍ 100 ലധികം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അന്വശ്വരനായ എസ്‌ഡി ബർമന്‍റെ 116-ാം ജന്മവാർഷികത്തില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ അഞ്ച് മികച്ച കലാസൃഷ്‌ടികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
1. ജാനെ വോ കൈസെ ലോഗ് ദെ ജിന്‍കെ : ഗുരു ദത്തിന്‍റെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായ 'പ്യാസ'യില്‍ സാഹിർ ലുധിയാൻവി രചന നിര്‍വഹിച്ച് ഹേമന്ത് കുമാർ പാടിയ ഈ ഗാനം അക്കാലത്ത് വമ്പന്‍ ഹിറ്റായിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ബ്ലോക്ക്ബസ്‌റ്റർ ചിത്രത്തില്‍ ഗുരു ദത്ത്, വഹീദ റഹ്മാൻ, മാല സിൻഹ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
2. ഛോഡ് ദോ അഞ്ചൽ : 1957ൽ പുറത്തിറങ്ങിയ 'പെയിങ് ഗസ്‌റ്റ്' എന്ന ചിത്രത്തിലെ ഈ രസകരമായ റൊമാന്‍റിക് ഗാനം രചിച്ചത് മജ്റൂഹ് സുൽത്താൻപുരിയാണ്. കിഷോർ കുമാറും ആശ ഭോസ്‌ലെയും ചേർന്ന് ആലപിച്ച ഗാനം പുറത്തിറങ്ങി 65 വർഷം പിന്നിട്ടിട്ടും നിത്യഹരിതമായി തുടരുന്നു.
3. സിന്ദഗി സിന്ദഗി : സുനിൽ ദത്ത്, ദേബ് മുഖർജി, വഹീദ റഹ്മാൻ, ഫരീദ ജലാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തി 1972ൽ പുറത്തിറങ്ങിയ റൊമാന്‍റിക് ചിത്രമായ 'സിന്ദഗി സിന്ദഗി'യിലെ അതേ വാക്കുകളില്‍ തുടങ്ങുന്ന ഈ ഗാനത്തിന്‍റെ സംഗീത സംവിധാനത്തിന് എസ്‌ഡി ബർമന് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ചിത്രത്തിലെ തന്നെ 'സിന്ദഗി ഐ സിന്ദഗി', 'ഖുഷ് രഹോ സാത്തിയോൻ ഖുഷ് രഹോ' തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതം ഇഷ്‌ടപ്പെടുന്നവരുടെ പ്ലേലിസ്‌റ്റ് ഭരിക്കുന്ന ഗാനങ്ങളാണ്.
4. ഏക് ലഡ്‌കി ഭീഗി ഭാഗി സി : ടെന്നസി എർണി ഫോർഡിന്‍റെ 'സിക്‌സ്‌റ്റീന്‍ ടൺ' എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കിഷോർ കുമാർ ആലപിച്ച് എസ്‌ഡി ബർമന്‍ മാന്ത്രിക സ്‌പര്‍ശം നല്‍കിയ ഈ ഗാനം ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്. 1958ൽ പുറത്തിറങ്ങിയ 'ചൽത്തി കാ നാം ഗാഡി' എന്ന കോമഡി ചിത്രത്തിന്‍റെ ഭാഗമായിരുന്നു ഈ ഗാനം. ചിത്രത്തില്‍ കിഷോർ കുമാറും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
5. ഹേ അപ്‌നാ ദിൽ തോ ആവാര : ദേവ് ആനന്ദും വഹീദ റഹ്‌മാനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച 1958-ലെ ഹിറ്റ് ചിത്രമായ 'സോല്‍വാ സാൽ' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മജ്‌റൂഹ് സുൽത്താൻപുരി രചന നിര്‍വഹിച്ച് ഗാനം ഹേമന്ത് കുമാറാണ് ആലപിച്ചിരിക്കുന്നത്. എസ്‌ഡി ബർമന്‍റെ മകൻ ആർഡി ബർമൻ മൗത്ത് ഓർഗൻ വായിച്ച് പിതാവിനെ അസിസ്റ്റ് ചെയ്‌ത ഗാനം കൂടിയാണിത്.
സംഗീത സംവിധാനത്തിന് പുറമെ ഏതാണ്ട് 14 ഹിന്ദി ഗാനങ്ങളും 13 ബംഗാളി ഗാനങ്ങളും എസ്‌ഡി ബർമന്‍ ആലപിച്ചിട്ടുണ്ട്. 'മിലി' എന്ന ചിത്രത്തിലെ 'ബഡി സൂനി സൂനി ഹേ' എന്ന ഗാനം റിഹേഴ്‌സൽ ചെയ്യുന്നതിനിടെ കോമയിലേക്ക് പോയ അദ്ദേഹം 1975 ഒക്‌ടോബർ 31ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.