ടെലിവിഷന്‍ സീരിയല്‍ നടിയും ഡോക്‌ടറുമായ പ്രിയയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടല്‍ ഇനിയും വിട്ടുമാറാതെ മലയാളികളും ടെലിവിഷന്‍ മേഖലയും (Serial Actress Dr Priya dies). എട്ടുമാസം ഗര്‍ഭിണി ആയിരിക്കെയാണ് പ്രിയയുടെ അപ്രതീക്ഷിത വിടവാങ്ങള്‍.
ഗര്‍ഭിണിയായ പ്രിയ പതിവ് പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്. അതേസമയം കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തിരുന്നു. എന്നാല്‍ കുഞ്ഞിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയയുടെ പിതാവ് ഇതേ കുറിച്ച് പ്രതികരിക്കുന്നുണ്ട്.
മകളുടെ ആകസ്‌മിക മരണം ഇനിയും വിശ്വസിക്കാന്‍ ആയിട്ടില്ല ഈ പിതാവിന്. ഒരേയൊരു മകള്‍ നഷ്‌ടപ്പെട്ട പിതാവിന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. മകളെ നഷ്‌ടപ്പെട്ട് പോയെന്നും കുഞ്ഞിന്‍റെ അവസ്ഥ മോശമാണെന്നുമാണ് പ്രിയയുടെ പിതാവ് പറയുന്നത്.
'ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവള്‍ക്ക് ഡയേറിയ കൂടി പിടിപെട്ടു. ഓപ്പറേഷന്‍ ചെയ്‌താണ് കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ ആള് പോയി. എട്ടു മാസം തികയുന്നതേ ഉണ്ടായിരുന്നുള്ളു. പ്രിയ ഗൈനക്കോളജിസ്‌റ്റായി ജോലി ചെയ്‌തിരുന്ന ആശുപത്രി ആണിത്. കുഞ്ഞിന്‍റെ അവസ്ഥ മോശമാണെന്നാണ് പറയുന്നത്. വേറെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയാലും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് പറയുന്നു. എന്തു ചെയ്യാനാ? നഷ്‌ടപ്പെട്ടു പോയി. എന്‍റെ ഒരേയൊരു മകളാണ്. അവള്‍ മാത്രമേ ഞങ്ങള്‍ക്കുള്ളു.' -ഇപ്രകാരമാണ് പ്രിയയുടെ പിതാവ് പ്രതികരിച്ചത്.
നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് പ്രിയ. സീരിയല്‍ നടന്‍ കിഷോര്‍ സത്യയ്‌ക്കൊപ്പം 'കറുത്തമുത്ത്' എന്ന സീരിയലില്‍ പ്രിയ അഭിനയിച്ചിരുന്നു. എന്നാല്‍ വിവാഹ ശേഷം പ്രിയ അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയാണ് പ്രിയയുടെ ഭര്‍ത്താവ്.
സീരിയല്‍ നടി രഞ്ജുഷ മേനോന്‍റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയായിരുന്നു പ്രിയയുടെ വിടവാങ്ങലും. പ്രിയയുടെ വിയോഗത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി നടന്‍ കിഷോര്‍ സത്യ രംഗത്തെത്തിയിരുന്നു. കിഷോര്‍ സത്യയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 35 വയസ് മാത്രമുള്ള ഒരാൾ വിട പറയുമ്പോള്‍, ആദരാഞ്ജലികൾ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല എന്നായിരുന്നു നടന്‍റെ പ്രതികരണം.
'മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോക്‌ടര്‍ പ്രിയ ഇന്നലെ ഹൃദയസ്‌തംഭനം മൂലം മരിച്ചു. എട്ട് മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്‌റ്റ് ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നടന്ന ഭർത്താവിന്‍റെ വേദന... ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്‌ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും.... വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി....
മനസ് ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ... രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നു കൂടി.... 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്ത് നിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല.... ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും... അറിയില്ല.... അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ...' -ഇപ്രകാരമായിരുന്നു കിഷോര്‍ സത്യയുടെ കുറിപ്പ്.
Also Read: സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു; അന്ത്യം പതിവ് പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍