പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പൃഥ്വിരാജ് (Mohanlal Prithviraj movie) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'എല്‍ 2 എമ്പുരാന്‍' (L2 Empuraan). മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരങ്ങള്‍. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ (Prithviraj shared Empuraan location still).
'എമ്പുരാന്‍റെ' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ വിവരം പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തീകരിച്ച ശേഷം സെറ്റില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ ചിത്രവും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഒക്‌ടോബര്‍ അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് (L2 Empuraan shooting). ലഡാക്കിലും ഡല്‍ഹിയിലുമായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളാണ് 'എമ്പുരാന്' ഉള്ളതെന്നാണ് സൂചന. ഹോളിവുഡ് സിനിമയ്‌ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് 'എമ്പുരാനായി' ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാനെ നിര്‍മാതാക്കള്‍ വിഭാവനം ചെയ്‌തിരിക്കുന്നത് എന്ന് മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 2022 ഓഗസ്‌റ്റിലായിരുന്നു 'എമ്പുരാന്‍റെ' ഔദ്യോഗിക പ്രഖ്യാപനം. 2024 പതുകിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.
ആശിര്‍വാദ് സിനിമാസിനൊപ്പം, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. ആന്‍റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'എല്‍ 2 എമ്പുരാന്‍'. മോഹന്‍ലാലും പൃഥ്വിരാജും ഇത് മൂന്നാം തവണയാണ് 'എമ്പുരാനി'ലൂടെ വീണ്ടും ഒന്നിക്കുന്നത്. 'ലൂസിഫറി'ന് ശേഷം 'ബ്രോ ഡാഡിയി'ല്‍ ഇരുവരും ഒന്നിച്ചിരുന്നു. പൃഥ്വിരാജ് തന്നെയായിരുന്നു 'ബ്രോ ഡാഡി'യുടെ സംവിധാനവും. ഇപ്പോള്‍ 'എമ്പുരാനി'ലും ഇരുവരും ഒന്നിക്കുന്നു..
'എമ്പുരാനി'ല്‍ സായിദ് മസൂദ് എന്ന കഥാപാത്രത്തെയാകും പൃഥ്വിരാജ് അവതരിപ്പിക്കുക. സ്‌റ്റീഫന്‍ നെടുമ്പള്ളി അഥവ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാകും 'എമ്പുരാന്‍റെ' കഥ മുന്നോട്ടു പോകുക. മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന ഒരു ട്രൈലജി ആയിട്ടാകും 'എമ്പുരാന്‍' ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
'ലൂസിഫറി'ലെ മിക്യ താരങ്ങളും 'എമ്പുരാനി'ലും ഉണ്ടാകും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, ശിവജി ഗുരുവായൂര്‍, ബൈജു സന്തോഷ്, സായ് കുമാര്‍ തുടങ്ങിയവര്‍ 'എമ്പുരാനി'ല്‍ അണിനിരക്കും. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കും.