തിയേറ്ററുകളില്‍ ചിരിമഴ പെയ്യിക്കാൻ സെന്ന ഹെഗ്‌ഡെ (Senna Hegde) വീണ്ടുമെത്തുന്നു. പ്രേക്ഷകർ ഏറ്റെടുത്ത 'തിങ്കളാഴ്‌ച നിശ്ചയം', ഒരു വൈറ്റ് ആള്‍ട്ടോ കാര്‍ തേടിയുള്ള പൊലീസിന്‍റെ യാത്രയുടെ കഥ പറഞ്ഞ '1744 വൈറ്റ് ആള്‍ട്ടോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന 'പദ്‌മിനി'യുടെ ട്രെയിലർ പുറത്തിറങ്ങി (Padmini Official Trailer). ഒരു മുഴുനീള എന്‍റര്‍ടെയിനര്‍ ആയിരിക്കും 'പദ്‌മിനി' എന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍.
- " class="align-text-top noRightClick twitterSection" data="">
വിവാഹാലോചനയും പ്രണയവും വിവാഹത്തിനൊരുങ്ങുന്ന കഥാപാത്രം നേരിടുന്ന പ്രതിസന്ധികളുമെല്ലാം ട്രെയിലറില്‍ വന്നുപോകുന്നു. 'തിങ്കളാഴ്‌ച നിശ്ചയ'ത്തെക്കാൾ എന്‍റെർടെയിനിങായ സിനിമയായിരിക്കും 'പദ്‌മിനി'യെന്ന് നേരത്തെ സെന്ന ഹെഗ്‌ഡെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വാക്കുകൾ അക്ഷരംപ്രതി ശരിവയ്‌ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ. പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ നര്‍മ പ്രാധാന്യമുള്ള സിനിമയാണ് 'പദ്‌മിനി'യെന്ന് ട്രെയിലറിലെ ഓരോ രംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനാകുന്ന 'പദ്‌മിനി'ക്കായി 'കുഞ്ഞിരാമായണ'ത്തിന് തിരക്കഥയെഴുതിയ ദീപു പ്രദീപാണ് തൂലിക ചലിപ്പിക്കുന്നത്. രമേശന്‍ മാഷെന്ന നാട്ടിന്‍പുറത്തുകാരനെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളി (Aparna Balamurali), മഡോണ സെബാസ്റ്റ്യൻ (Madonna Sebastian), വിൻസി അലോഷ്യസ് (Vincy Aloshious) എന്നിവരാണ് 'പദ്‌മിനി'യിലെ നായികമാർ. കൂടാതെ മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സുവിൻ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവരാണ് ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ മനു ആന്‍റണിയാണ്. ജേയ്‌ക്‌സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം - അർഷാദ് നക്കോത്, വസ്‌ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജിത് മണലിപറമ്പിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലൂടൻ, സ്റ്റിൽസ് - ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർസ് - വിഷ്‌ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് & പി ആർ - വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറക്കാർ.
പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ഭാഗങ്ങളിലാണ് 'പദ്‌മിനി'യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഏറെ കാലത്തിന് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലെത്തുന്ന എന്‍റര്‍ടെയിനര്‍ സിനിമ കൂടിയാണ് 'പദ്‌മിനി'. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. 'ലവ് യൂ മുത്തേ' എന്ന് തുടങ്ങുന്ന ഗാനം വിദ്യാധരൻ മാസ്റ്റർക്കൊപ്പമാണ് ചാക്കോച്ചൻ പാടിത്തിമർത്തത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനായി നേരത്തേ നൃത്തസംവിധാനം നിർവഹിച്ച ചാക്കോച്ചൻ ഗായകന്‍റെ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്.
READ MORE: 'ലവ് യൂ മുത്തേ' ; പാടി ചാക്കോച്ചൻ, ഹൃദയം കവർന്ന് 'പദ്‌മിനി'യിലെ ലിറിക്കൽ വീഡിയോ സോങ്