കുഞ്ചാക്കോ ബോബന്‍റേതായി (Kunchacko Boban) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ചാവേര്‍' (Chaaver) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഒക്‌ടോബര്‍ 5ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'ചാവേറി'ലെ തെയ്യം പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ (Chaaver Theyyam song).
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിലെ 'ചെന്താമര പൂവിന്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത് (Chenthamara song). ഏവരെയും ഫാന്‍റസിയുടെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് 'ചെന്താമര പൂവിൻ'. 3.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലുടനീളം തെയ്യക്കോലമാണ് ദൃശ്യമാകുന്നത്. വളരെ വ്യത്യസ്‌തവും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നതുമാണ് 'ചെന്താമര പൂവിന്‍റെ' ഗാന രചനയും സംഗീതവും ആലാപനവും ഒക്കെ. തോറ്റം പാട്ട് മാതൃകയിലാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. 'ചെന്താമര പൂവിൻ' എന്ന ഗാനത്തില്‍ കെട്ടിയാടുന്ന തെയ്യക്കോലം നടന്‍ ആന്‍റണി വര്‍ഗീസ് ആണോ എന്നാണ് ഗാനം പുറത്തിറങ്ങിയത് മുതല്‍ ഏവരുടെയും സംസാര വിഷയം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഹരീഷ് മോഹനന്‍റെ ഗാന രചനയില്‍ ജസ്‌റ്റിൻ വർഗീസ് ആണ് ഈ ഗാനത്തിന് ദൈവികമായ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രണവ് സിപിയും സന്തോഷ് വർമ്മയും ചേർന്നാണ് ഗാനാലാപനം. (തെയ്യക്കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർവ്വമായ വരവിളിയുടെയും ഉറച്ചിൽ തോറ്റത്തിന്‍റെയും ഒക്കെ അനുരണനങ്ങള്‍ ഉണ്ട്.)
'ചാവേറി'ല്‍ ഏറെ പ്രധാനപ്പെട്ടൊരു ഭാഗത്ത് വരുന്ന ഈ ഗാനം തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയ ഏവരെയും അമ്പരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്‌തിരുന്നു. ഗാനം യൂട്യൂബില്‍ എത്തിയതോടെ 'ചെന്താമര പൂവിന്‍' സോഷ്യല്‍ മീഡിയയിലും തരംഗമായി മാറി. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ 'പൊലിക പൊലിക' എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സ്വന്തം ജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം ആണ് 'ചാവേര്‍' പറഞ്ഞത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ ആന്‍റണി വർഗ്ഗീസ്, അർജുൻ അശോകന്‍, മനോജ് കെയു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, അർജുൻ അശോകന്‍, ആന്‍റണി വർഗ്ഗീസ്, മനോജ് കെയു എന്നിവരുടെ കരിയറില്‍ അവര്‍ ഇതുവരെ ചെയ്യാത്ത വേഷപകർച്ചയിലാണ് 'ചാവേറി'ല്‍ എത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയെ പശ്ചാത്തലമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.
Also Read: Chaaver Movie| 'ചാവേറിന്‍റെ അതിമനോഹരമായ കാഴ്‌ചയ്‌ക്ക് സാക്ഷിയാകൂ'; ദുരൂഹതകളുമായി മോഷന്‍ പോസ്‌റ്റര്‍