കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കസ്ബയില്‍, മോഡലായ സരസ്വതി ദാസിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ഞായറാഴ്‌ച വീട്ടിൽ തൂങ്ങിയ നിലയിലാണ് 19 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ, ദുരൂഹ സാഹചര്യത്തിൽ 13 ദിവസത്തിനുള്ളില്‍ മോഡലുകളായ യുവതികള്‍ മരണപ്പെടുന്ന നാലാമത്തെ കേസാണിത്.
മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍, ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച്, മോഡലിങ് രംഗത്ത് ഓഫറുകള്‍ കുറഞ്ഞതോടെ സരസ്വതി വിഷാദരോഗിയായിരുന്നു. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ സരസ്വതി ആരോടും സംസാരിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
മറ്റൊരു സംഭവത്തില്‍ പങ്കാളി പിടിയില്‍ : പ്രമുഖ സീരിയൽ താരം പല്ലബി ഡേയെ ആണ് ആത്മഹത്യ ചെയ്‌ത് നിലയില്‍ ആദ്യം കണ്ടെത്തിയത്. കൊൽക്കത്തയിലെ ഗർഫ പ്രദേശത്തെ വാടക ഫ്ലാറ്റിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പങ്കാളിയെ അറസ്റ്റ് ചെയ്‌തിരുന്നു.
ALSO READ| നടിയും മോഡലുമായ മഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ദിവസങ്ങൾക്കകമാണ് ബിദിഷ ഡേ മജുംദാര്‍ ആത്മഹത്യ ചെയ്‌തത്. ബ്രൈഡൽ മേക്കപ്പ് ഫോട്ടോഷൂട്ടുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന മോഡലായിരുന്നു. നൈഹാത്തി സ്വദേശിനിയായിരുന്ന യുവതിയെ അപ്പാർട്ട്‌മെന്‍റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.
ബംഗാളി നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ മെയ് 27 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്‌ത നടി ബിദിഷ ഡേ മജുംദാറിന്‍റെ അടുത്ത സുഹൃത്തായിരുന്നു മഞ്ജുഷ. ബിദിഷയുടെ മരണത്തിന് ശേഷം മഞ്ജുഷ കടുത്ത നിരാശയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞിരുന്നു.
ALSO READ| ജോലിയില്ല; ബംഗാൾ മോഡൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ