കെജിഎഫ് 2 മൂന്ന് തവണ കണ്ട ആവേശത്തില്‍ സിഗരറ്റ് വലിച്ച പതിനഞ്ചുകാരന്‍ ആശുപത്രിയില്‍. ഹൈദരാബാദിലാണ് സംഭവം. രണ്ട് ദിവസത്തിനിടെ മൂന്ന് തവണ സിനിമ കണ്ട കുട്ടി റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് പാക്കറ്റ് വാങ്ങി മുഴുവന്‍ വലിക്കുകയായിരുന്നു.
തുടര്‍ന്ന് കടുത്ത ചുമയും, തലവേദനയും, തൊണ്ടവേദനയും അനുഭവപ്പെട്ട പതിനഞ്ചുകാരനെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടിയുടെ ശ്വാസകോശത്തില്‍ കറ കണ്ടെത്തി. കൂടാതെ കുട്ടിയുടെ കൈവിരലുകളിലും കറയുണ്ടായിരുന്നു.
ഒടുവില്‍ ചികിത്സയ്‌ക്ക് ശേഷം പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് പതിനഞ്ചുകാരനെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തത്. സിനിമ കണ്ട് കുട്ടി പുകവലിച്ച കാര്യം മാതാപിതാക്കള്‍ കണ്ടിരുന്നില്ല. ആദ്യമായിട്ടാണ് മകന്‍ പുകവലിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ഹൈദരാബാദിലെ സെഞ്ച്വറി ഹോസ്‌പിറ്റലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. അതേസമയം റോക്കി ഭായിയെ പോലുളള കഥാപാത്രങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടും എന്ന് കുട്ടിയെ ചികിത്സിച്ച ഡോ രോഹിത് റെഡ്ഡി പറഞ്ഞു.
'കെജിഎഫ് കഥാപാത്രം നന്നായി സ്വാധീനിച്ചത് കാരണം അവന്‍ പുകവലിച്ചു. ഒരു പാക്കറ്റ് നിറയെ സിഗരറ്റ് വലിച്ചതുകൊണ്ട് അവന് ഗുരുതരമായ അസുഖം ബാധിച്ചു. സിനിമകള്‍ നമ്മുടെ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഘടകമാണ്.
സിഗരറ്റ് വലിക്കുക, പുകയില ചവയ്‌ക്കുക, മദ്യം കഴിക്കുക എന്നീ പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കാതിരിക്കാനുളള ധാര്‍മ്മിക ഉത്തരവാദിത്തം സിനിമാ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഉണ്ടെന്നും' കുട്ടിയെ ചികിത്സിച്ച ശ്വാസകോശ രോഗ വിദഗ്‌ധന്‍ രോഹിത് റെഡ്ഡി പറഞ്ഞു.
കെജിഎഫ് സീരീസില്‍ യഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന കഥാപാത്രം വലിയ രീതിയില്‍ തരംഗമായിരുന്നു. നടന്‍റെ കരിയര്‍ തന്നെ മാറ്റിമറിച്ച റോള്‍ ആരാധകരും ഏറ്റെടുത്തു. റോക്കി ഭായിയെ അനുകരിച്ചുളള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് ധാരാളമായി വന്നിട്ടുണ്ട്.
കെജിഎഫിലെ യഷിന്‍റെ വസ്‌ത്രധാരണവും സ്‌റ്റൈലുമെല്ലാം ഇന്ത്യയിലെമ്പാടും വലിയ ഓളമുണ്ടാക്കി. എപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ കെജിഎഫ് 2 വേള്‍ഡ് വൈഡ് കലക്‌ഷനായി 1000 കോടിയിലധികം രൂപയാണ് നേടിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത സിനിമയില്‍ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്‌ഠന്‍, പ്രകാശ് രാജ് ഉള്‍പ്പെടെയുളള താരങ്ങളും മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങിയ സിനിമ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയത്. കെജിഎഫിന്‍റെ ആദ്യ ഭാഗവും തിയേറ്ററുകളില്‍ വലിയ തരംഗമായി മാറി. ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന് എല്ലാ ഭാഷകളിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.