53ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന വിനയന്‍ ചിത്രത്തെ ജൂറി അവഗണിച്ചെന്ന നിരൂപകന്‍ എന്‍ഇ സുധീറിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് നന്ദി കുറിപ്പുമായി സംവിധായകന്‍ വിനയന്‍. 'പത്തൊമ്പതാം നൂറ്റാണ്ടി'നെ കുറിച്ച് സുധീര്‍ പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് വിനയന്‍ പറഞ്ഞു. കൂടാതെ താന്‍ ഇത്രയും പോലും അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും വിനയന്‍ തുറന്നുപറഞ്ഞു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് വിനയന്‍ എന്‍ഇ സുധീറിന് നന്ദി അറിയിച്ച് രംഗത്തെത്തിയത്.
'എന്‍റെ സിനിമയെ കുറിച്ച് ശ്രീ. എൻഇ സുധീർ എഴുതിയ നല്ല വാക്കുകൾക്ക് നന്ദി... പക്ഷേ ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തുകഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല... ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം... മൂന്ന് അവാർഡ് തന്നില്ലേ..? അക്കാദമി ചെയർമാൻ രഞ്ജിത്തിനോടാണ് എന്‍റെ കടപ്പാട്..' - വിനയന്‍ കുറിച്ചു.
'പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ നമ്മുടെ ചലച്ചിത്ര പുരസ്‌കാര ജൂറി കണ്ടില്ലെന്നുണ്ടോ?. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൻ്റെ വിശദ വിവരങ്ങൾ രാവിലെ പത്രത്തിൽ വായിക്കുമ്പോൾ മനസിൽ വന്ന പ്രധാന സംശയമായിരുന്നു ഇത്. വിനയൻ സംവിധാനം ചെയ്‌ത 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമ പ്രധാനപ്പെട്ട ഒരു വിഭാഗത്തിലും പരിഗണിക്കപ്പെട്ടതായി തോന്നിയില്ല.'
'മിക്കവാറും വിഭാഗങ്ങളിൽ ചിത്രം അവഗണിക്കപ്പെട്ടിരിക്കുന്നുവെന്ന് തന്നെ തോന്നി. സാങ്കേതികമായി വലിയ ഒരളവിൽ മികവ് കാട്ടി വിസ്‌മയിപ്പിച്ച ഒന്നായിരുന്നു 'പത്തൊമ്പതാം നൂറ്റാണ്ട്'. മറ്റെന്ത് കണ്ടില്ലെന്ന് നടിച്ചാലും ആ ചിത്രത്തിലാകെ മികവോടെ നിറഞ്ഞു നിന്ന കലാസംവിധാനം എങ്ങനെ അവഗണിക്കപ്പെട്ടു?. സാമൂഹ്യ പ്രാധാന്യമുള്ള സിനിമ എന്ന നിലയിൽ എന്തുകൊണ്ട് വിലയിരുത്തപ്പെട്ടില്ല?.'
'ഇങ്ങനെ ചോദ്യങ്ങൾ പലതുണ്ട്. മൊത്തത്തിൽ എന്തോ ഒരു പന്തികേട്. സംവിധായകൻ വിനയന് ഇതിലൊന്നും പുതുമ ഉണ്ടാവില്ല. അതൊക്കെ ശീലിച്ചു മുന്നേറാൻ വിധിക്കപ്പെട്ട ഒരു കലാകാരന്‍ ആണല്ലോ അദ്ദേഹം. അപ്പോഴും സിനിമ ആസ്വാദകരിൽ അത് വേദനയുണ്ടാക്കുക തന്നെ ചെയ്യും.'
'കേരളത്തിന്‍റെ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ വേലായുധപ്പണിക്കര്‍ എന്ന മനുഷ്യന്‍റെ കഥ ഒരുവിധം ഭംഗിയായി പറഞ്ഞ ഒരു സിനിമയ്ക്കും അദ്ദേഹത്തിൻ്റെ ദുർഗതി തന്നെ വന്നുപെട്ടു എന്ന് സാരം.' - എൻഇ സുധീർ കുറിച്ചു.
സിജു വില്‍സണ്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നായക കഥാപാത്രത്തില്‍ എത്തിയത്. ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി സിജു വില്‍സണ്‍ കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചിരുന്നു.
19-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമായിരുന്നു ചിത്രപശ്ചാത്തലം. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, തിരുവിതാംകൂറിനെ വിറപ്പിച്ച കായംകുളം കൊച്ചുണ്ണി, മാറുമറയ്‌ക്കല്‍ സമര നായിക നങ്ങേലി, കൂടാതെ മറ്റനേകം ചരിത്ര പുരുഷന്‍മാരും ഈ സിനിമയില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.