തിരുവനന്തപുരം : അമ്പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ബിജുമേനോനും നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ജോജു ജോർജും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. ജോജി സിനിമയുടെ സംവിധാന മികവിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. ആവാസവ്യൂഹമാണ് മികച്ച സിനിമ. ആവാസവ്യൂഹത്തിന് തിരക്കഥയൊരുക്കിയ സംവിധായകൻ കൃഷാന്ദ് ആർ കെ മികച്ച തിരക്കഥാകൃത്തായി.
നായാട്ട് സിനിമയുടെ കഥ എഴുതിയ ഷാഹി കബീർ ആണ് മികച്ച കഥാകൃത്ത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ഹൃദയം മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്‌ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന് ലഭിച്ചു.
ജോജിക്ക് തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കരനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം. ജോജിയിലെ തന്നെ അഭിനയത്തിന് ശ്യാം പുഷ്‌കരന്‍റെ ഭാര്യ ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവ നടിയായി. കള എന്ന സിനിമയിലെ പ്രകടനത്തിന് സുമേഷ് മൂർ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്‌റ്റിനുളള പുരസ്‌കാരം ഇത്തവണ നല്‍കിയില്ല. അവാര്‍ഡിന് അർഹമായ എൻട്രികൾ ഈ വിഭാഗത്തിൽ ഇല്ലായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. ദൃശ്യം 2ൽ നടി മീനയ്‌ക്ക് ശബ്‌ദം നൽകിയ ദേവിയാണ് മികച്ച വനിത ഡബ്ബിങ് ആർട്ടിസ്‌റ്റിനുളള പുരസ്‌കാരം നേടിയത്.
ചുരുളിയുടെ ദൃശ്യങ്ങൾ പകർത്തിയ മധു നീലകണ്‌ഠന്‍ മികച്ച ഛായാഗ്രാഹകനായി. ഇതുകൂടാതെ മികച്ച ശബ്‌ദ രൂപകല്‍പന, മികച്ച കളറിസ്‌റ്റ് പുരസ്‌കാരങ്ങളും ചുരുളിക്ക് ലഭിച്ചു. സംഗീത സംവിധായകന്‍ ജസ്‌റ്റിൻ വർഗീസിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്. മികച്ച പശ്ചാത്തല സംഗീതം ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങളാണ് ജോജി സിനിമയ്‌ക്ക് ലഭിച്ചത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത മിന്നൽ മുരളിക്ക് നാല് അവാര്‍ഡുകള്‍ ലഭിച്ചു. മിന്നല്‍ മുരളിയിലെ രാവില്‍ എന്ന പാട്ടിന് പ്രദീപ് കുമാർ മികച്ച പിന്നണി ഗായകനായി. ശബ്‌ദമിശ്രണം, വസ്‌ത്രാലങ്കാരം. വിഷ്വൽ എഫക്ട്സ് എന്നീ വിഭാഗങ്ങളിലാണ് മിന്നല്‍ മുരളിക്ക് മറ്റ് പുരസ്‌കാരങ്ങള്‍.
ഹൃദയം സിനിമയിലെ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്‌ദുൽ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ. കാണെക്കാണെ എന്ന ചിത്രത്തിലൂടെ സിതാര കൃഷ്‌ണകുമാർ മികച്ച ഗായികയായി. കാടകലം എന്ന ചിത്രത്തിലെ ഗാനരചനയ്‌ക്ക് ബി കെ ഹരിനാരായണനും പുരസ്കാരം നേടി.
142 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ 29 സിനിമകള്‍ അന്തിമ മത്സരത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചു. ഭൂതകാലം, അന്തരം എന്നീ ചിത്രങ്ങൾ ജൂറി തിരിച്ചുവിളിച്ചുകണ്ടു. ഇരു താരങ്ങളുടെയും അഭിനയത്തോട് നീതി പുലർത്തേണ്ടതുണ്ട് എന്നതിനാലാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടുനൽകാൻ തീരുമാനിച്ചതെന്ന് ജൂറി ചെയർമാൻ സയ്യിദ് അക്തർ മിർസ പറഞ്ഞു.
മികച്ച നടിക്കുള്ള മത്സരത്തില്‍ നിമിഷ സജയനും സജീവമായിരുന്നു. നടന്‍ വിജയ് ബാബു നിർമിച്ച ഹോം എന്ന സിനിമയ്‌ക്ക് ഒരു പുരസ്‌കാരവും ലഭിക്കാത്തത് മനപ്പൂർവമല്ലെന്ന് ചോദ്യത്തിന് മറുപടിയായി ജൂറി അധ്യക്ഷൻ പറഞ്ഞു. മീ ടൂ വിവാദത്തെപ്പറ്റി താൻ ഇപ്പോഴാണ് അറിയുന്നതെന്നും സിനിമകളുടെ ഗുണനിലവാരം കണക്കിലെടുത്താണ് പുരസ്‌കാരം നിർണയിച്ചതെന്നും അദ്ദേഹം അറിയിച്ചു. പുരസ്‌കാര നിർണയത്തിൽ മറ്റ് ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്‌തമാക്കി.