കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രം 'കാന്താര'യിലെ 'വരാഹരൂപം' എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരനെതിരെയുള്ള എഫ്‌ഐആര്‍ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പൃഥ്വിരാജ് ആയിരുന്നു 'കാന്താര'യുടെ കേരളത്തിലെ വിതരണം. കേരളത്തിലെ സിനിമയുടെ വിതരണക്കാരൻ എന്ന നിലയിൽ, നടനെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് പൃഥ്വിരാജിനെതിരെയുള്ള എഫ്‌ഐആര്‍ സ്‌റ്റേ ചെയ്‌തു കൊണ്ട് ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
'പ്രഥമദൃഷ്‌ട്യ ഒരു സിനിമയുടെ വിതരണക്കാരൻ എന്ന നിലയിൽ, രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് സിനിമ വിതരണം ചെയ്‌തതിന്‍റെ പേരിൽ മാത്രം, പകർപ്പവകാശ ലംഘനം നടത്താൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്‌ടര്‍ എന്ന നിലയിൽ വിതരണത്തിന് സൗകര്യം ചെയ്‌തു കൊടുത്തു. സിനിമയുടെ നിർമ്മാണത്തിലോ അതിന്‍റെ സംഗീത നിർമ്മാണത്തിലോ ഒരു തരത്തിലും നടന്‍ ഏർപ്പെട്ടിരുന്നില്ല.
04.11.2022ന്, കമ്പനി സിനിമയുടെ വിതരണം നിര്‍ത്തിവച്ചു. സിനിമയുടെ വിതരണക്കാരൻ എന്ന നിലയിൽ നടന്‍റെ കമ്പനിയുടെ പങ്ക് ഇടനിലക്കാരനായി പ്രവർത്തിക്കുന്നതിൽ ഒതുങ്ങുന്നു. നിർമ്മാതാവിൽ നിന്ന് വിതരണാവകാശം നേടിയ ശേഷമാണ് തിയേറ്ററുകൾ വഴി സിനിമ വിതരണം ചെയ്യുന്നത്.' -ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
'കാന്താര'യിലെ 'വരാഹരൂപം' എന്ന ഗാനം 'നവരസം' എന്ന ഗാനത്തിൽ നിന്നും കോപ്പിയടിച്ചെന്നാരോപിച്ച് കോഴിക്കോട് ടൗൺ പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് സ്‌റ്റേ. മാതൃഭൂമി പ്രിന്‍റിംഗ് ആൻഡ് പബ്ലിഷിങ് കോ ലിമിറ്റഡ് നൽകിയ പരാതിയിലാണ് പൃഥ്വിരാജിനെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തത്. പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 63 പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ ഡയറക്‌ടർ എന്ന നിലയിലായിരുന്നു നടനെതിരെയുള്ള മാതൃഭൂമി പ്രിന്‍റിംഗ് ലിമിറ്റഡിന്‍റെ പരാതി.
Also Read: കാന്താര പകർപ്പവകാശ കേസ് : നടൻ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും