ഹൈദരാബാദ് : തെന്നിന്ത്യയുടെ മിന്നും താരം കീർത്തി സുരേഷ് (Keerthy Suresh) ബോളിവുഡിലേക്ക് പറക്കാൻ ഒരുങ്ങുന്നു. വരുൺ ധവാൻ (Varun Dhawan) നായകനാകുന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. സംവിധായകൻ അറ്റ്‌ലിയും (Atlee Kumar) ചിത്രത്തിന്‍റെ ഭാഗമാണ്.
തമിഴ് ചലച്ചിത്രകാരൻ കാലീസ് (Kalees) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പവർ പാക്ക്ഡ് ആക്ഷൻ എന്‍റർടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്. ഹൈ- ആക്ഷൻ സീക്വൻസുകളും സമ്മിശ്ര വികാരങ്ങളും നിറഞ്ഞിരിക്കുന്ന ഈ സിനിമ, അതിന്‍റെ കഥാഗതിയിലൂടെയും അസാധാരണമായ പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
അതേസമയം സിനിമയുടെ പേരോ മറ്റ് അണിയറ പ്രവർത്തകരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ശക്തമായ കഥാപാത്രത്തെയാകും കീർത്തി സുരേഷ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താൽക്കാലികമായി #VD18 എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു പൊലീസ് ഓഫിസറുടെ വേഷമാണ് വരുൺ അവതരിപ്പിക്കുന്നത്.
സിനി 1 സ്റ്റുഡിയോസിന്‍റെ ബാനറില്‍ മുറാദ് ഖേതാനിയും എ ഫോർ ആപ്പിൾ സ്റ്റുഡിയോയുടെ ബാനറില്‍ പ്രിയ അറ്റ്‌ലിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അറ്റ്‌ലി കുമാറാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇതിനിടെ അറ്റ്‌ലിയുടെ തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിർമാതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ കീർത്തിയുടെ കാസ്റ്റിംഗ് പൂർത്തിയായെങ്കിലും രണ്ടാമത്തെ നായികയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. മുംബൈയിൽ നിന്ന് ആരംഭിച്ച്, മൂന്ന് മാസത്തെ ഷെഡ്യൂൾ തുടർച്ചയായി പൂർത്തിയാക്കാനാണ് ടീമിന്‍റെ പദ്ധതി. അടുത്ത വർഷം മെയ് 31 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ദേശീയ അവാർഡ് ജേതാവ് കൂടിയായ നടി കീർത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ വാർത്ത ആഘോഷമാക്കുകയാണ് ആരാധകർ. മഹാനടി, മിസ് ഇന്ത്യ, രംഗ് ദേ, വാശി, ദസറ തുടങ്ങിയ സമീപകാല സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയായ താരം ബോളിവുഡും കീഴടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കീർത്തി സുരേഷിന്‍റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാകും ബോളിവുഡിലേക്കുള്ള ചുവടുവയ്‌പ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ പേരെടുത്ത താരം ഇപ്പോൾ തന്‍റെ ചിറകുകൾ വിടർത്തി പാൻ - ഇന്ത്യൻ സിനിമാ ലോകത്തെ കീഴടക്കാനുള്ള യാത്രയിലാണ്.
മാരി സെൽവരാജ് (Mari Selvara) അണിയിച്ചൊരുക്കിയ 'മാമന്നൻ' ആണ് ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ എത്തിയ കീർത്തി ചിത്രം. വടിവേലു (Vadivelu), ഫഹദ് ഫാസിൽ (Fahadh Faasil), ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin) എന്നിവർക്കൊപ്പമാണ് താരം ചിത്രത്തില്‍ അണിനിരന്നത്.
ജാൻവി കപൂർ (Janhvi Kapoor) നായികയാകുന്ന റൊമാന്‍റിക് ചിത്രം 'ബവാൽ' ആണ് വരുൺ ധവാന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുക. ജൂലൈ 21ന് ആമസോണ്‍ പ്രൈം വീഡിയോയിൽ (Prime Video India) സിനിമ റിലീസ് ചെയ്യും.