എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്‍റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ പൂർത്തിയായി. നാലരമണിക്കൂർ ചോദ്യം ചെയ്യലാണ് പൂർത്തിയായത്. ആലുവയിലെ ദിലീപിന്‍റെ പത്മ സരോവരം വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലുമാണ് ക്രൈംബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്‌തത്.
എസ്‌പി മോഹന ചന്ദ്രന്‍റെയും, ഡിവൈഎസ്‌പി ബൈജു പൗലോസിന്‍റെയും നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അന്വേഷണസംഘം വീട്ടിലെത്തി ചോദ്യം ചെയ്‌തത്.
കഴിഞ്ഞ മെയ് ആറാം തീയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ക്രൈം ബ്രാഞ്ച് കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന നിലപാടിൽ കാവ്യ ഉറച്ച് നിൽക്കുകയായിരുന്നു.
സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള സാഹചര്യമില്ലന്ന് ചൂണ്ടികാണിച്ച് നേരത്തെ ഈ ആവശ്യം ക്രൈംബ്രാഞ്ച് നിരാകരിച്ചിരുന്നു. എന്നാൽ സാക്ഷിയായ സ്ത്രീയെ വീട്ടിലെത്തി മൊഴിയെടുക്കണമെന്ന സുപ്രീം കോടതി വിധികൾ ഉൾപ്പടെ നിലവിലുള്ള സാഹചര്യത്തിൽ നിയപരമായി ഇടപെടാൻ ക്രൈംബ്രാഞ്ചിന് കഴിയാതെ വന്നു. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി വീട്ടിലെത്തി ചോദ്യം ചെയ്‌തത്.
ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് സുരാജിന്‍റേതെന്ന പേരില്‍ പുറത്തുവന്ന ഫോണ്‍സംഭാഷണത്തില്‍ കാവ്യയ്ക്കും കേസില്‍ പങ്കുണ്ടെന്ന സൂചനകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം പൾസർ സുനി പെൻഡ്രൈവുമായി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിലെത്തിയെന്ന സാക്ഷിമൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപേക്ഷയിൽ ദിലീപ് കോടതിയിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചു. ഇതേ തുടർന്ന് വാദത്തിനായി കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി കേസ് പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.