ആസിഫ് അലി നായകനാകുന്ന 'കാസർഗോൾഡ്' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് (Kasargold Movie New Poster). സെപ്റ്റംബർ 15ന് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Kasargold In theaters from September 15). ആസിഫ് അലി നായകനായ 'ബി ടെക്ക്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മൃദുൽ നായർ ആണ് 'കാസർഗോൾഡി'ന്‍റെ സംവിധായകൻ.
ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന മറ്റ് പോസ്റ്ററുകൾ പോലെ തന്നെ കളർഫുൾ ആണ് പുതിയ പോസ്റ്ററും. ആസിഫ് അലിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനായകനെയും സണ്ണി വെയിനെയും പോസ്റ്ററില്‍ കാണാം. മുഖാരി എന്‍റർടെയ്‌ൻമെന്‍റ് എൽഎൽപിയുമായി സഹകരിച്ച് യൂഡ്‌ളി ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
'പടവെട്ട്', 'കാപ്പ' എന്നിവയ്‌ക്ക് ശേഷം യൂഡ്‌ളി ഫിലിംസ് നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. മുൻ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഒരു കളർഫുൾ യൂത്ത് എന്‍റർടെയ്‌നറുമായാണ് യൂഡ്‌ളി ഫിലിംസ് ഇക്കുറി എത്തുന്നത്. ഒരു കൂട്ടം സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ നീങ്ങുന്നത് എന്നാണ് വിവരം.
കൊവിഡ് കാലത്തിന് ശേഷം മാറിയ പ്രേക്ഷക അഭിരുചിക്ക് അനുസൃതമായി, തിയേറ്റർ എക്‌സ്‌പീരിയൻസിന് മുൻതൂക്കം നൽകി ഒരുക്കിയ ചിത്രമാണ് 'കാസർഗോൾഡ്' എന്ന് ആസിഫ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു (Asif Ali about Kasargold). ഏറെ രസകരമായ കഥാപാത്രങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു ത്രില്ലർ ആകും 'കാസർഗോൾഡ്' എന്ന് അണിയറ പ്രവർത്തകരും വ്യക്തമാക്കിയിരുന്നു.
ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, സിദ്ധിഖ്, മാളവിക ശ്രീനാഥ്, സമ്പത്ത് റാം, ധ്രുവൻ, അഭിരാം രാധാകൃഷ്‌ണൻ, സാഗർ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Kasargold cast). നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. വിഷ്‌ണു വിജയ്‌യുടെ തകർപ്പൻ ടൈറ്റിൽ ട്രാക്കിന്‍റെ അകമ്പടിയോടെ എത്തിയ ടീസർ നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത് (Kasargold movie Teaser).
വളരെ വ്യത്യസ്‌തമായ ഒരു പ്രമേയത്തെ പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്ന രീതിയിലാണ് ചിത്രം ദൃശ്യവൽക്കരിച്ചിരിക്കുന്നത് എന്ന സൂചനയും നൽകുന്നതായിരുന്നു ടീസർ. 'ബി-ടെക്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫ് അലിയും വീണ്ടും കൈകോർക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. ആസിഫുമായുള്ള തന്‍റെ കെമിസ്‌ട്രി ഈ ചിത്രത്തിലും മികച്ച രീതിയിൽ തന്നെ വർക്ക് ആയിട്ടുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ മൃദുൽ നേരത്തെ പറഞ്ഞിരുന്നു.
മൃദുലിനൊപ്പം സജിമോനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. മുഹ്‌സിൻ പരാരിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സുപ്രീം സുന്ദർ, ബില്ല ജഗൻ, മാഫിയ ശശി ഉൾപ്പടെ അഞ്ചോളം പ്രഗത്ഭ ഫൈറ്റ് മാസ്റ്റേഴേസ് ആണ് ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
READ MORE: Kasargold| ആസിഫ് അലിയുടെ 'കാസർഗോൾഡ്' സെപ്റ്റംബർ 15ന് തിയേറ്ററുകളില്‍