ഹൈദരാബാദ് : ഇന്ത്യൻ സിനിമയെ വിവിധ വിഭാഗങ്ങളാക്കുന്നതിന് പകരം ഒരൊറ്റ വ്യവസായം എന്ന നിലയില്‍ കാണാന്‍ ആഹ്വാനം ചെയ്‌ത് കരൺ ജോഹർ. പ്രമുഖ ബോളിവുഡ് സംവിധായകനും ചലച്ചിത്ര നിർമാതാവാവുമായ കരണ്‍, ഹൈദരബാദില്‍ നടന്ന ബ്രഹ്മാസ്‌ത്രയുടെ പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു. വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 2) രാത്രി റാമോജി ഫിലിം സിറ്റി ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.
ഒതുങ്ങരുത് 'വുഡു'കളില്‍: ''ഇന്ത്യൻ സിനിമയെ, ഇന്ത്യൻ സിനിമ വ്യവസായം എന്നാണ് വിളിക്കേണ്ടത്. അല്ലാതെ, ബോളിവുഡ് എന്നോ ടോളിവുഡ് എന്നോ അല്ല''. - 'ബ്രഹ്മാസ്‌ത്ര'യുടെ നിര്‍മാതാവുകൂടിയായ കരണ്‍ വ്യക്താക്കി. "ഞങ്ങള്‍ സിനിമയുമായി രാജ്യത്തിന്‍റെ എല്ലാ കോണുകളിലും എത്താനുള്ള ശ്രമത്തിലാണ്. എസ്എസ് രാജമൗലി പറഞ്ഞതുപോലെ, ഇത് ഇന്ത്യൻ സിനിമയാണ്. ഇതിനെ മറ്റൊരു പേരിട്ടും വിളിക്കരുത്. നമ്മള്‍ 'വുഡ്' എന്നുചേര്‍ത്താണ് വിളിക്കുന്നത്, ബോളിവുഡ്, ടോളിവുഡ് എന്നിങ്ങനെ''.
''നമ്മള്‍ ഇനിയും 'വുഡു'കളില്‍ ഒതുങ്ങി നില്‍ക്കരുത്. അഭിമാനപൂർവം പറയുന്നു നമ്മള്‍ ഇന്ത്യൻ സിനിമയുടെ ഭാഗമാണ്. ഓരോ ചിത്രവും ഇനി ഇന്ത്യൻ സിനിമയിൽ നിന്നായിരിക്കും"- അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ 'കെജിഎഫ്' താരം യഷും ഇന്ത്യൻ സിനിമയെ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നത് നിർത്തണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാബ് ബച്ചന്‍, മൗനി റോയ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സെപ്‌റ്റംബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. അയാന്‍ മുഖര്‍ജി, ഹുസൈന്‍ ദലാല്‍ എന്നിവരുടേതാണ് തിരക്കഥ.