ചെന്നൈ: കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രം സിനിമാപ്രേമികള്‍ ഒന്നടങ്കം വലിയ ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ്. വിജയ്‌ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
ഒരിടവേളയ്ക്ക് ശേഷമുളള ഉലകനായകന്‍റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ ജൂണ്‍ മൂന്നിന് തിയ്യേറ്റര്‍ റിലീസായാണ് എത്തുന്നത്. വിക്രം സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും വീഡിയോസുമെല്ലാം തന്നെ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു.
കമല്‍ഹാസന്‍ ചിത്രം വന്‍വിജയമാകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. റിലീസിങ്ങിനൊരുങ്ങവേ പ്രൊമോഷന്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഉലകനായകന്‍. പ്രചാരണ പരിപാടികളുടെ ഭാഗമായി നടന്‍ മുംബെെയില്‍ എത്തിയിട്ടുണ്ട്. വിക്രം ഹിന്ദി പതിപ്പിന്‍റെ പ്രൊമോഷനായാണ് കമല്‍ഹാസന്‍ എത്തിയത്.
കപില്‍ ശര്‍മ്മ ഷോ ഉള്‍പ്പെടെയുളള പരിപാടികളിലും മറ്റ് അഭിമുഖ പരിപാടികളിലും നടന്‍ പങ്കെടുക്കും. കമല്‍ഹാസനൊപ്പം മകള്‍ അക്ഷര ഹാസനും മുംബെെയില്‍ എത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി വമ്പന്‍ റിലീസിനാണ് സിനിമ ഒരുങ്ങുന്നത്. നേരത്തെ വിക്രം സിനിമയുടെ ഒടിടി അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാര്‍ ഉലകനായകന്‍ ചിത്രം സ്വന്തമാക്കിയത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഗ്രൂപ്പിനാണ്.
രാജ്‌കമല്‍ ഫിലിസിംന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയത്. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. മാസ്റ്ററിന് പുറമെ കാര്‍ത്തിയെ നായകനാക്കിയുളള കൈദിയും ലോകേഷ് കനകരാജിന്‍റെതായി വന്‍വിജയം നേടിയിരുന്നു. കൂടാതെ ആദ്യമായി സംവിധാനം ചെയ്ത മാനഗരം എന്ന സിനിമയും സംവിധായകന്‍റെതായി ശ്രദ്ധിക്കപ്പെട്ടു. വിക്രം റിലീസിന് ശേഷം ദളപതി വിജയ്ക്കൊപ്പമുളള ലോകേഷ് കനകരാജിന്റെ പുതിയ സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.