ഉലകനായകന്‍ കമല്‍ഹാസന്‍റെതായി റിലീസിന് ഒരുങ്ങുന്ന വിക്രം സിനിമയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസിന് മുന്‍പ് തന്നെ വലിയ ഹൈപ്പുളള ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. കൈദി, മാസ്റ്റര്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് വിക്രം.
ഒരിടവേളയ്ക്ക് ശേഷമുളള കമല്‍ഹാസന്‍റെ ശക്തമായ തിരിച്ചുവരവായിരിക്കും സിനിമയിലൂടെ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വിക്രത്തിന്‍റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. മെയ് 15നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍-ഓഡിയോ ലോഞ്ച് ചടങ്ങ് ചെന്നൈയില്‍ നടന്നത്.
കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ചിമ്പു, ഉദയനിധി സ്റ്റാലിന്‍, ലോകേഷ് കനകരാജ് ഉള്‍പ്പടെയുളളവരെല്ലാം ചടങ്ങിന് എത്തിയിരുന്നു. കമല്‍ഹാസന് പുറമെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരേന്‍, അര്‍ജുന്‍ ദാസ് ഉള്‍പ്പടെയുളള താരങ്ങളാണ് വിക്രമില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഇവര്‍ക്കൊപ്പം നടിപ്പിന്‍ നായകന്‍ സൂര്യയും സിനിമയില്‍ എത്തുന്നുണ്ടെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി. എന്നാല്‍ സൂര്യയുടെ റോളിനെ കുറിച്ചുളള മറ്റുവിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ട്രെയിലര്‍ ലോഞ്ചില്‍ വച്ച് വിക്രം സംവിധായകന്‍ ലോകേഷ് കനകരാജ് സൂര്യക്ക് നന്ദി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകേഷിന് പുറമെ ചടങ്ങില്‍ വച്ച് സൂര്യയ്‌ക്ക് നന്ദി പറഞ്ഞ് ഉലകനായകന്‍ പറഞ്ഞ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. എന്‍റെ അത്ഭുത സഹോദരന്‍ സൂര്യ അവസാന നിമിഷം ഞങ്ങള്‍ക്ക് സഹായ ഹസ്‌തം നല്‍കി, അദ്ദേഹത്തിന് നന്ദി എന്നാണ് സൂര്യയെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞ വാക്കുകള്‍.
അതേസമയം കമല്‍ഹാസന്‍റെ തന്നെ വിക്രം എന്ന പേരില്‍ 1989ല്‍ പുറത്തിറങ്ങിയ സ്പൈ ഡ്രാമയുടെ ഒരു സ്‌പിന്‍ ഓഫ് ആണ് ഈ ചിത്രമെന്ന് പറയപ്പെടുന്നു. ജൂണ്‍ മൂന്നിന് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് വിക്രം ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കിയ ചിത്രം കമല്‍ഹാസന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.