തന്‍റെ വേറിട്ട അഭിനയ മികവിനാല്‍ തമിഴ് സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവാണ് ഉലകനായകന്‍ കമൽ ഹാസൻ. തിരശീലക്കുള്ളില്‍ മാത്രമല്ല, തന്‍റെ നിലപാടുകൾ പൊതുമധ്യത്തില്‍ ഉറക്കെ വിളിച്ചുപറയാനും അദ്ദേഹം മടികാണിക്കാറില്ല. ഇപ്പോഴിതാ ഏറെ വിവാദങ്ങൾക്ക് വഴിവച്ച 'ദി കേരള സ്റ്റോറി'യെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ആദാ ശർമയെ നായികയാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്‌ത ചിത്രമാണ് ദി കേരള സ്റ്റോറി. ചിത്രത്തിന്‍റെ പ്രമേയം കൊണ്ട് പ്രഖ്യാപന വേള മുതൽ തന്നെ 'കേരള സ്റ്റോറി' ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ബോളിവുഡ് കണ്ട ഹിറ്റ് ചിത്രങ്ങളിലൊന്നായ ചിത്രം 200 കോടി ക്ലബിലും ഇടംപിടിച്ചു കഴിഞ്ഞു.
വിവാഹത്തിലൂടെ ഇസ്‌ലാം മതം സ്വീകരിച്ച് ഐഎസ്ഐഎസ് ക്യാമ്പുകളിലേക്ക് കടത്തപ്പെടുന്ന സ്‌ത്രീകളുടെ കഥയാണ് 'ദി കേരള സ്റ്റോറി' പറയുന്നത്. ചിത്രത്തിനെതിരെ കേരളത്തിലുൾപ്പടെ വൻ പ്രതിഷേധമാണ് ഉയർന്നത്. മെയ് അഞ്ചിന് റിലീസ് ചെയ്‌ത സിനിമയ്‌ക്ക് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ വിലക്കും നേരിട്ടിരുന്നു.
തെറ്റായ അവകാശ വാദങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ ചിത്രം ബോധപൂർവം ശ്രമിക്കുന്നു എന്നായിരുന്നു 'ദി കേരള സ്റ്റോറി'ക്കെതിരെ ഉയർന്നുവന്ന പ്രധാന വിമർശനം. 32,000 മലയാളി സ്‌ത്രീകളെ കാണാതാകുകയും ശേഷം ഇവരെ മതപരിവർത്തനം നടത്തി തീവ്രവാദ ദൗത്യങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്‌തതായി ആരോപിക്കുന്ന ചിത്രത്തിന്‍റെ ഉള്ളടക്കത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെതിരെ കമൽഹാസനും രംഗത്തെത്തിയിരിക്കുകയാണ്. അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് 'ദി കേരള സ്റ്റോറി'യോടുള്ള തന്‍റെ എതിർപ്പ് കമൽഹാസൻ വ്യക്തമാക്കിയത്. ഐഐഎഫ്‌എ 2023-ൽ ഇന്ത്യൻ സിനിമയിലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ അബുദാബിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
'ദി കേരള സ്റ്റോറി' ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നാണ് താരത്തിന്‍റെ നിലപാട്. താൻ അത്തരം സിനിമകൾക്ക് എതിരാണെന്നും കമൽഹാസൻ വ്യക്തമാക്കി. ''യഥാർഥ കഥ എന്ന് ചിത്രത്തിന്‍റെ പേരിനുതാഴെ ലോഗോ ആയി എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം'', കമല്‍ ചൂണ്ടിക്കാട്ടി.
-
#WATCH | Abu Dhabi | "I told you, it's propagandist films that I am against. It's not enough if you write 'true story' just at the bottom as a logo. It has to really be true and that is not true," says actor and politician Kamal Haasan on #TheKeralaStory pic.twitter.com/VSydksg1Z3
— ANI (@ANI) May 27, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Abu Dhabi | "I told you, it's propagandist films that I am against. It's not enough if you write 'true story' just at the bottom as a logo. It has to really be true and that is not true," says actor and politician Kamal Haasan on #TheKeralaStory pic.twitter.com/VSydksg1Z3
— ANI (@ANI) May 27, 2023#WATCH | Abu Dhabi | "I told you, it's propagandist films that I am against. It's not enough if you write 'true story' just at the bottom as a logo. It has to really be true and that is not true," says actor and politician Kamal Haasan on #TheKeralaStory pic.twitter.com/VSydksg1Z3
— ANI (@ANI) May 27, 2023
വിപുൽ ഷാ നിര്‍മിച്ച ചിത്രത്തില്‍ ആദ ശർമ്മക്ക് പുറമെ യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ നിന്ന് 32,000 സ്‌ത്രീകളെ കാണാതാവുകയും ഇവർ തീവ്രവാദ സംഘടനയായ ഐഎസിൽ ചേരുകയും ചെയ്‌തതായി ചിത്രത്തിന്‍റെ ട്രെയിലർ അവകാശപ്പെട്ടതോടെയാണ് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആരംഭിച്ചത്. ഈ പ്രസ്‌താവന ചൂടേറിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവയ്‌ക്കുകയും ചെയ്‌തു. ചിത്രം മുന്നോട്ടുവയ്‌ക്കുന്ന അവകാശവാദത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്‌തും പലരും രംഗത്തെത്തിയിരുന്നു.
അതേസമയം തന്‍റെ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് കമൽഹാസൻ. ഷങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' ആണ് താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രം. ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ്. ഇതിനുപുറമെ മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കമൽഹാസൻ നായക വേഷത്തിലുണ്ട്.