മുംബൈ: നടി കാജൽ അഗർവാളിന് ചൊവ്വാഴ്‌ച രാവിലെ കുഞ്ഞുപിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. താരവും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുകയായിരുന്നു. കാജല്‍, കുഞ്ഞോമനയുടെ ചിത്രം പങ്കുവച്ച് വിവരം ഔദ്യോഗികമായി പുറത്തുവിടുന്നതും കാത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍.
കറുപ്പ് വസ്‌ത്രം അണിഞ്ഞുള്ള താരത്തിന്‍റെ മെറ്റേണിറ്റി ഫോട്ടോസിന് ആരാധകര്‍ വലിയ സ്വീകര്യതയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്‌തതോടെ തരംഗം സൃഷ്‌ടിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം സജീവമായ താരം വൈകാതെ തന്നെ കുഞ്ഞിന്‍റെ ചിത്രം പങ്കുവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ALSO READ | കറുപ്പിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ തിളങ്ങി കാജൽ അഗർവാൾ
"ചൊവ്വാഴ്‌ച രാവിലെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു". കാജലിന്‍റെ സഹോദരി നിഷ അഗര്‍വാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.
2020 ഒക്‌ടോബര്‍ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്ച്‌ലുവും വിവാഹിതരാകുന്നത്. ജനുവരി എട്ടിനാണ് താരം ഗർഭിണിയാണെന്ന വിവരം പുറത്തുവിടുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിലൊടുവിലായിരുന്നു ഇവരുടെ വിവാഹം.