സജീവന്‍ അന്തിക്കാടിന്‍റെ സംവിധാനത്തിൽ ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ലാ ടൊമാറ്റിന ചുവപ്പുനിലം' തിയേറ്ററുകളിലേക്ക് (Joy Mathew's La Tomatina Release). സെപ്‌റ്റംബർ 22 ന് ചിത്രം പ്രദർശനത്തിനെത്തും. 'പ്രഭുവിന്‍റെ മക്കള്‍', 'ടോള്‍ഫ്രീ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലാ ടൊമാറ്റിന' ('La Tomatina' hits theaters on September 22).
യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്‌ത് മടുത്തശേഷം ധീരമായി മാധ്യമ പ്രവർത്തനം നടത്താനായി യൂട്യൂബ് ചാനൽ തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. 'യൂട്യൂബ് ചാനൽ പൂട്ടി മാപ്പുപറയണമെന്ന് അവർ! കീഴടങ്ങാതെ മാധ്യമ പ്രവർത്തകൻ!' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ ചർച്ചയാവുകയാണ്.
ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ സ്ഥാപിത താൽപര്യക്കാരും കളങ്കിതരായ രാഷ്‌ട്രീയക്കാരും ശ്രമിച്ചേക്കാം. മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽപ്പെടുത്തി ചാനൽ പൂട്ടിക്കില്ലേ എന്നിങ്ങനെയുള്ള ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന സിനിമയുണ്ടായതെന്ന് സംവിധായകൻ സജീവൻ അന്തിക്കാട് പറയുന്നു. അതേസമയം 'മറുനാടൻ മലയാളി' വിഷയം ഉണ്ടാവുന്നതിന് മുൻപായിരുന്നു സിനിമയുടെ ഷൂട്ടിങ് എന്നും സംവിധായകൻ ചൂണ്ടിക്കാട്ടി (Sajeevan Anthikad about La Tomatina).
'സിനിമയുടെ ഷൂട്ടിങ് കഴിയുന്ന സമയത്ത് മറുനാടൻ മലയാളിയും സർക്കാരും തമ്മിലോ മറുനാടനും എംഎൽഎയും തമ്മിലോ പ്രശന്‌ങ്ങൾ ഉണ്ടായിരുന്നില്ല. അതെല്ലാം പിന്നീട് സംഭവിച്ചതാണ്. അതോടെ ലാ ടൊമാറ്റിന ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറി'- സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു. പുതിയ കാലത്ത് ആരെയും ഏത് നിമിഷവും തേടിയെത്താവുന്ന ഭീതിജനകമായ ഒരു സാഹചര്യത്തിന്‍റെ നേർക്കാഴ്‌ചയാണ് 'ലാ ടൊമാറ്റിന' ദൃശ്യവത്‌കരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ പറയുന്നു.
പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്‌സൺ (ലണ്ടൻ) എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് നിർമിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചത്. മഞ്ജു ലാൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
വേണുഗോപാൽ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ പി ആർ ഒ എഎസ് ദിനേശ് ആണ്. ഡോക്‌ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ ഈണം പകരുന്നു. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - കൃഷ്‌ണ, കല - ശ്രീവത്സന്‍ അന്തിക്കാട്, സൗണ്ട് - കൃഷ്‌ണനുണ്ണി, മേക്കപ്പ് - പട്ടണം ഷാ, സ്റ്റില്‍സ് - നരേന്ദ്രൻ കൂടാല്‍, ഡിസൈന്‍സ് - ദിലീപ് ദാസ്, ഗ്രാഫിക്‌സ് - മജു അൻവർ, കളറിസ്റ്റ് - യുഗേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ ('La Tomatina'cast and crew).