കാസർകോട്: മലയാള ചലച്ചിത്രരംഗത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്ത് ജോൺപോളിന്‍റെ സ്വപ്‌ന സിനിമകളിൽ ഒന്നായിരുന്നു കാസർകോട് തളങ്കര സ്വദേശി സത്താർ മേസ്ത്രിയെ കുറിച്ചുള്ള കഥ. ജോൺ പോൾ എഴുതിയ തന്‍റെ ജീവിത കഥ അഭ്രപാളിയിൽ കാണാൻ കാത്തിരിക്കെയാണ് ആ വിയോഗ വാർത്ത സത്താർ മേസ്ത്രിയെ തേടിയെത്തിയത്.
ജോണ്‍പോള്‍ വീട്ടില്‍വന്ന ഓര്‍മ: സത്താറിന്‍റെ ഉപ്പ 1979 ജൂലൈ മൂന്നിന് കടലിൽ കാണാതായ എം.വി കൈരളി എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു. കാണാതായ ഉപ്പയെ കാത്തിരിക്കുന്നതും ഇതരര്‍ക്ക് ഏതുസമയത്തും സേവനം നൽകാൻ വെമ്പുന്ന സത്താറിന്‍റെ ജീവിതവുമാണ് ജോൺപോൾ പുനഃസൃഷ്‌ടിക്കാൻ ശ്രമിച്ചത്. ഇതിനായി തന്‍റെ ജീവിതം നേരിട്ട് അറിയാൻ നാല് വർഷം മുന്‍പ് ജോൺപോളും സംവിധായകൻ കമലും തളങ്കരയിലെ വീട്ടിൽ എത്തിയത് ഇപ്പോഴും സത്താർ മേസ്ത്രി ഓർക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ വാഹനം കിട്ടാതെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഒറ്റപ്പെട്ടുപോകുന്നവരെ ലക്ഷ്യ സ്ഥാനത്തേക്കെത്തിക്കാൻ കാസർകോട് നഗരത്തിൽ സത്താർ മേസ്ത്രിയുണ്ടാകും. തന്‍റെ സ്‌കൂട്ടിയിൽ സത്താർ, യാത്രക്കാരെ സുരക്ഷിത സ്ഥലത്ത് എത്തിക്കും. ഈ ജീവിതകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് തിരക്കഥാകൃത്ത് ജോൺപോളും സംവിധായകൻ കമലും 2018 മെയ് മാസത്തിൽ തളങ്കരയിലെ സത്താറിന്‍റെ വീട്ടിലെത്തിയത്.
യാത്രയായത് ജീവിതം സ്‌പര്‍ശിച്ചയാള്‍: സത്താറിന്‍റെ ജീവിതം അടിസ്ഥാനമാക്കി സിനിമയൊരുക്കാൻ അവർ തീരുമാനിച്ചു. അന്ന് തന്നെ പ്രതിഫലമായി നിശ്ചിത തുകയും കൈമാറി. അന്നത് സത്താറിന് വലിയ സഹായവുമായിരുന്നു. പിന്നീട് ഇങ്ങോട്ട് സത്താറിന് കാത്തിരിപ്പിന്‍റെ ജീവിതമായിരുന്നു അദ്ദേഹത്തിന്. ഒടുവിൽ ഇന്നലെ സഹസംവിധായകൻ മിഥുൻ ആ വിയോഗ വാർത്ത നേരിട്ട് വിളിച്ച് അറിയിക്കുമ്പോൾ സത്താറിന് അത് ഉൾക്കൊള്ളുന്നതിനും അപ്പുറമായിരുന്നു.
തന്‍റെ ജീവിതത്തെ നേരിട്ട് സ്‌പർശിച്ചയാൾ യാത്രയായി എന്നാണ് സത്താർ മേസ്ത്രി ജോൺ പോളിനെക്കുറിച്ച് പറഞ്ഞ്. കൊച്ചിയിൽ തിരക്കഥാകൃത്ത് ജോൺപോളിന് കേരളം യാത്രമൊഴിയേകുമ്പോൾ കല്ലുകെട്ടു തൊഴിലാളിയായ തളങ്കര ബാങ്കോട്ടെ സത്താർ മേസ്‌ത്രിയും നിശബ്‌ദമായി അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.
ALSO READ| ആ തൂലിക നിലച്ചു… ജോണ്‍ പോള്‍ ഇനി ഓര്‍മകളില്‍