ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്‌ത 'ഈശോ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ഒക്‌ടോബര്‍ 5ന് സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് കാഴ്‌ചക്കാര്‍ ഏറുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
ജനപ്രിയ നടനായ ജയസൂര്യക്കൊപ്പം ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത് ആരാധകര്‍ ഏറെയുള്ള നമിത പ്രമോദാണ്. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്‌ണ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
എന്‍.എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. റോബി വര്‍ഗീസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും നാദിര്‍ഷ തന്നെയാണ്. സുനീഷ് വാരനാടാണ് ചിത്രത്തിന്‍റെ തിരക്കഥ.
റീറെക്കോർഡിങ്ങ് ജേക്‌സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിങ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷൻ കൊറിയോഗ്രഫി ജോളി ബാസ്റ്റിൻ, ഡാന്‍സ് കൊറിയോഗ്രഫി ബൃന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളെ, കോട്ടയം നസീർ, മേക്കപ്പ് പി വി ശങ്കർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.
'ഈശോ' സിനിമ സൃഷ്‌ടിച്ച വിവാദം: ചിത്രത്തിന് നല്‍കിയ 'ഈശോ' യെന്ന പേരിനെ ചൊല്ലി നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈശോയുടെ പേര് നല്‍കിയ സിനിമയുടെ ട്രെയ്‌ലറും പോസ്റ്ററുകളും പുറത്തിറക്കിയപ്പോള്‍ തന്നെ നിറയെ തോക്കും രക്തവുമാണെന്ന് എന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സിനിമ ക്രൈസ്‌തവ വിശ്വാസങ്ങളോടുള്ള അവഹേളനമാണെന്നും ചിത്രത്തിന്‍റെ പേര് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് കത്തോലിക്ക കോണ്‍ഗ്രസും കെസിബിസിയും രംഗത്ത് എത്തിയിരുന്നു.
വിഷയത്തില്‍ നാദിര്‍ഷക്കും സിനിമക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും നടന്നു. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന്‍റെ പേര് മാറ്റില്ലെന്നും സിനിമയുടെ ടാഗ് ലൈനായ 'നോട്ട് ഫ്രം ദി ബൈബിള്‍' എന്നത് മാറ്റാമെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.
ഇത്തരത്തില്‍ ചിത്രീകരിച്ച സിനിമക്ക് പ്രദര്‍ശന അനുമതി നല്‍കരുതെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിനിമക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നത് കൊണ്ട് കോടതിക്ക് വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് അറിയിച്ച കോടതി ഹര്‍ജി തള്ളി.
ഇതോടെയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഈശോ റിലീസിന് ഒരുങ്ങിയത്. ചിത്രത്തിന് നല്‍കിയ പേര് ഏറെ വിവാദമായതോടെ ഇക്കാലയളവില്‍ തന്നെ സിനിമക്ക് ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ആരാധകര്‍ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
alsr read:നാദിർഷായുടെ 'ഈശോ'യ്‌ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് കത്തോലിക്ക കോണ്‍ഗ്രസ്