Will Smith family is focusing on deep healing: 2022 ഓസ്‌കര്‍ വേദിയില്‍ അരങ്ങേറിയ സംഭവവികാസങ്ങളെ തുടര്‍ന്നുണ്ടായ മുറിവ് ഉണങ്ങുന്നതില്‍ മനസ്സുറപ്പിച്ച് വില്‍ സ്‌മിത്തിന്‍റെ കുടുംബം. വരാനിരിക്കുന്ന റെഡ് ടേബിള്‍ ടോക്ക് സീസണ്‍ 5ലാണ് സ്‌മിത്തിന്‍റെ ഭാര്യ ജെയ്‌ഡ പിങ്കറ്റ് സ്‌മിത്തിന്‍റെ ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍.
'കഴിഞ്ഞ കുറച്ച് ആഴ്‌ചകളിലായി സംഭവിച്ചതിന്‍റെയെല്ലാം മുറിവുണങ്ങുന്നതില്‍ മനസ്സുറപ്പിച്ച് കഴിയുകയാണ്' - ജെയ്‌ഡ പിങ്കറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. റെഡ് ടേബിള്‍ ടോക്ക് സീസണ്‍ 5ന്‍റെ ടൈറ്റില്‍ കാര്‍ഡിനൊപ്പമാണ് വില്‍സ്‌മിത്തിന്‍റെ പങ്കാളിയുടെ വാക്കുകള്‍ തെളിയുന്നത്. ജാനെല്ലെ മോനേ ആണ് എപ്പിസോഡില്‍ അതിഥിയായെത്തുന്നത്.
മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ വച്ചായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള വില്‍ സ്‌മിത്തിന്‍റെ തല്ല്. 2022 ഓസ്‌കാര്‍ വേദിയിലാണ് അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്‌മിത്ത് തല്ലിയത്. ഭാര്യ ജെയ്‌ഡ പിങ്കറ്റ് സ്‌മിത്തിന്‍റെ തലമുടിയെ കുറിച്ചുള്ള ക്രിസ് റോക്കിന്‍റെ പരാമര്‍ശമാണ് വില്‍ സ്‌മിത്തിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വേദിയിലേക്ക് നടന്നുചെന്ന് നടന്‍ ക്രിസിനെ മര്‍ദ്ദിക്കുകയായിരുന്നു.
ഒരു നിമിഷം സ്‌തബ്‌ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു വില്‍ സ്‌മിത്തിനെ ഈ വര്‍ഷത്തെ മികച്ച നടനായി തെരഞ്ഞെടുക്കാനുള്ള പ്രഖ്യാപനം വന്നത്. പുരസ്‌കാരം സ്വീകരിച്ച് വില്‍ സ്‌മിത്ത് നടത്തിയ പ്രസംഗത്തില്‍ തന്‍റെ പെരുമാറ്റത്തിന് താരം മാപ്പ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.
തുടര്‍ന്ന് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട് ആന്‍ഡ് സയന്‍സില്‍ നിന്നും വില്‍ സ്‌മിത്ത് രാജി വയ്‌ക്കുകയും ചെയ്‌തു. ഓസ്‌കാര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നടനെ 10 വര്‍ഷത്തേയ്‌ക്ക് വിലക്കിയിട്ടുണ്ട്. ഓസ്‌കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ് ആണ് താരത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്.