തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിനമായ ഇന്ന് പ്രദർശനം ആരംഭിച്ച ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത. കൈരളി, കലാഭവൻ തിയേറ്ററുകളിൽ രാവിലെ 10 മണിക്കാണ് ആദ്യ പ്രദർശനം നടന്നത്. കൈരളി തിയേറ്ററിൽ മഖ്ബുൽ മുബാറക്ക് സംവിധാനം ചെയ്‌ത 'ഓട്ടോബയോഗ്രഫി' എന്ന ചിത്രത്തിൻ്റെ പ്രദർശനവും കലാഭവൻ തിയേറ്ററിൽ മൈക്കൽ ബ്ലാസ്കോ സംവിധാനം ചെയ്‌ത 'വിക്‌ടിം' എന്ന സിനിമയുടെ പ്രദർശനവുമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ചിത്രത്തിൻ്റെ ആദ്യ ഇന്ത്യൻ പ്രീമിയറാണ് നടക്കുന്നത്. പ്രധാന വേദിയായ ടാഗോർ തിയേറ്ററിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് 3.30ന് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് ഉദ്ഘാടന ചിത്രമായ 'ടോറി ആൻഡ് ലോകിത' പ്രദർശിപ്പിക്കും. മേളയിലെ ആദ്യദിന വിശേഷങ്ങൾ ഡെലിഗേറ്റുകൾ ഇടിവി ഭാരതുമായി പങ്കുവയ്ക്കുന്നു.