കുഞ്ചാക്കോ ബോബന് Kunchacko Boban പിന്തുണ അറിയിച്ച് നിര്‍മാതാവ് ഹൗളി പോട്ടൂര്‍ Howly Pottoore. കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു 'പദ്‌മിനി' Padmini. സിനിമയ്‌ക്ക് വേണ്ടി കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ട് ചിത്രത്തിന്‍റെ പ്രൊമോഷന് സഹകരിച്ചില്ലെന്ന് കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി 'പദ്‌മിനി'യുടെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി അടുത്തിടെ രംഗത്തെത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ഇതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ 'ഭയ്യാ ഭയ്യാ' എന്ന സിനിമയുടെ നിര്‍മാതാവ് ഹൗളി പോട്ടൂര്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമാതാവെന്ന നിലയിൽ തനിക്ക് വലിയ നഷ്‌ടം സംഭവിച്ച് ആകെ തകർന്നു പോയ സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്‍റെ വാക്കുകളാണ് തനിക്ക് ആശ്വാസമേകിയത് എന്നാണ് നിര്‍മാതാവ് ഹൗളി പോട്ടൂര്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു നിര്‍മാതാവിന്‍റെ പ്രതികരണം.
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്. എന്‍റെ പേര് ഹൗളി പോട്ടൂർ. 'മഞ്ഞുപോലൊരു പെൺകുട്ടി', 'രാപ്പകൽ', 'പളുങ്ക്', 'ഫോട്ടോഗ്രാഫർ', 'പരുന്ത്' തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. 'ഭയ്യാ ഭയ്യാ' ആണ് ഒടുവിൽ ചെയ്‌ത ചിത്രം. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഭയ്യാ ഭയ്യാ എന്ന സിനിമയില്‍ നായകൻ.
നിങ്ങൾക്ക് അറിയാം 'ഭയ്യാ ഭയ്യാ' സാമ്പത്തികമായി വിജയം ആയിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്‌ടം സംഭവിച്ചിരുന്നു. അന്ന് തകർന്നു പോയ എന്നെ തേടി ഒരു ഫോൺ കോൾ വന്നു. കുഞ്ചാക്കോ ബോബന്‍റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും എന്‍റെ മനസിലുണ്ട്.
"ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പം ഉണ്ട്. നമുക്ക് ഇനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം" -കുഞ്ചാക്കോ ബോബന്‍റെ ആ വാക്കുകൾ എനിക്ക് തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതില്‍ ഉണ്ടായിരുന്നു.
എനിക്ക് ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്നേഹത്തോടെ ഹൗളി പോട്ടൂർ' -ഇപ്രകാരമായിരുന്നു നിര്‍മാതാവ് ഹൗളി പോട്ടൂര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
ജൂലൈ 14നാണ് 'പദ്‌മിനി' തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ റിലീസിന് ശേഷമാണ് കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി രംഗത്തെത്തിയത്. പദ്‌മിനിക്ക് വേണ്ടി താരം രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും സിനിമയുടെ പ്രൊമോഷനില്‍ പങ്കെടുക്കാതെ യൂറോപ്പില്‍ പോയി കൂട്ടുകാരുമൊത്ത് ഉല്ലസിച്ചു എന്നായിരുന്നു നിര്‍മാതാവിന്‍റെ പരാതി.
'തിയേറ്ററുകളിലേയ്‌ക്ക് ആദ്യ കാല്‍വയ്‌പ്പ് ലഭിക്കാന്‍ സിനിമയുടെ നായക നടന്‍റെ താര പരിവേഷം ആവശ്യം ആയിരുന്നു. പദ്‌മിനിക്ക് വേണ്ടി 2.5 കോടി രൂപ വാങ്ങിയ നായക നടന്‍ ടിവി അഭിമുഖങ്ങള്‍ നല്‍കിയില്ല. ടിവി പ്രോഗ്രാമുകളിലോ പ്രൊമോഷനുകളിലോ പങ്കെടുത്തില്ല. നായകന്‍റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റ് ചിത്രത്തിന്‍റെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാലാണ് മുഴുവന്‍ പ്രൊമോഷന്‍ പ്ലാനും നിരസിക്കപ്പെട്ടത്.
25 ദിവസത്തെ ചിത്രീകരണത്തിന് രണ്ടര കോടി രൂപ വാങ്ങിയ സിനിമയുടെ പ്രൊമോഷനേക്കാള്‍ രസകരമാണ് യൂറോപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'ചില്‍' ചെയ്യുന്നത്. ഇവിടെ സിനിമകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് പറഞ്ഞ് വിതരണക്കാര്‍ സമരം നടത്തുന്ന സാഹചര്യമാണ്. എന്നാല്‍ എന്തുകൊണ്ട് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്. അഭിനേതാക്കള്‍ക്ക് അവരുടെ സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവുമുണ്ട്.' -എന്നിങ്ങനെയായിരുന്നു സുവിന്‍ കെ വര്‍ക്കിയുടെ പ്രതികരണം.